thrissur local

തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടലംഘനം 14 കേസുകള്‍ കമ്മീഷന് റിപോര്‍ട്ട് ചെയ്തു

തൃശൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട് രൂപീകരിച്ചിട്ടുളള ജില്ലാതല സമിതിയുടെ ശ്രദ്ധയില്‍പ്പെട്ട 14 കേസുകള്‍ തുടര്‍നടപടികള്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന് റിപോര്‍ട്ട് ചെയ്തതായി സമിതി ചെയര്‍മാന്‍ എഡിഎം സി കെ അനന്തകൃഷ്ണന്‍ അറിയിച്ചു.
ആകെ 26 കേസുകളാണ് സമിതിയുടെ പരിഗണനയ്‌ക്കെത്തിയത്. ചാലക്കുടി മുനിസിപ്പാലിറ്റി രണ്ടാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയുടെ ഏജന്റ് വോട്ടര്‍മാര്‍ക്ക് അനധികൃതമായി പണവും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്തുവെന്ന എല്‍ഡിഎഫിന്റെ പരാതിയില്‍ വരണാധികാരിയോട് റിപോര്‍ട്ട് തേടാന്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന സമിതി യോഗം തീരുമാനിച്ചു.
ആരോഗ്യവകുപ്പ് ജീവനക്കാരന്‍ ഭാര്യയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു എന്ന പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറില്‍ നിന്നും സമിതി റിപോര്‍ട്ട് തേടിയിട്ടുണ്ട്. കോലഴി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ഥിക്കെതിരേ പോസ്റ്റ് കാര്‍ഡിലൂടെ അപകീര്‍ത്തികരമായ പ്രചരണം നടത്തുന്നുവെന്ന പരാതിയില്‍ അനേ്വഷണം നടത്താന്‍ ജില്ലാ പോലിസ് മേധാവി(റൂറല്‍)യോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് രണ്ടാം ഡിവിഷന്‍ സ്ഥാനാര്‍ഥിക്കെതിരേ ഫേസ്ബുക്കിലൂടെ അപവാദപ്രചരണം നടത്തുന്നുവെന്ന പരാതി പോലിസ് സൈബര്‍ സെല്‍ അനേ്വഷിക്കും.
ആതിരപ്പിളളി ആദിവാസി മേഖലയില്‍ വോട്ടര്‍മാരെ വിലകുറഞ്ഞ മദ്യവും ലഹരി പദാര്‍ത്ഥങ്ങളും നല്‍കി മറ്റ് സ്ഥലങ്ങളില്‍ മാറ്റി പാര്‍പ്പിക്കുന്നതായി വന്ന മാധ്യമ റിപോര്‍ട്ടുകളെക്കുറിച്ച് അനേ്വഷണം നടത്താന്‍ ചാലക്കുടി തഹസില്‍ദാരെ ചുമതലപ്പെടുത്തിയതായി എഡിഎം യോഗത്തില്‍ അറിയിച്ചു. റൂറല്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ബ്യൂറോ ഡിവൈഎസ്പി എ ഡി മോഹന്‍ദാസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ രാജപ്രദീപ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി സി സുരേഷ്‌കുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it