Kerala

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ പോസ്റ്റര്‍; യുഎപിഎ ചുമത്തിയിട്ടും പൊതുസമൂഹത്തിന് മൗനം

തിരഞ്ഞെടുപ്പ്   ബഹിഷ്‌കരിക്കാന്‍   പോസ്റ്റര്‍; യുഎപിഎ ചുമത്തിയിട്ടും പൊതുസമൂഹത്തിന് മൗനം
X
     UAPA

[related]

പി എച്ച് അഫ്‌സല്‍

തൃശൂര്‍: രാഷ്ട്രീയപാര്‍ട്ടികളുടെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടാനുള്ള ജനകീയ സമരത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്ററൊട്ടിച്ച പോരാട്ടം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയിട്ടും കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും മൗനം. യുഎപിഎ കരിനിയമമാണെന്നും അത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സമര രംഗത്തിറങ്ങിയ സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവന്നിട്ടില്ല. ദേശീയ മനുഷ്യാവകാശ ഏകോപനസമിതി മാത്രമാണ് യുഎപിഎ ചുമത്തിയതിനെതിരേ വാര്‍ത്താകുറിപ്പെങ്കിലും ഇറക്കി പ്രതിഷേധം അറിയിച്ചത്. ഏത് വിഷയത്തിലും പ്രതിഷേധം വ്യാപകമാവാറുള്ള സോഷ്യല്‍ മീഡിയയിലും പോരാട്ടം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയത് കാര്യമായി ചര്‍ച്ചയായില്ല. ദളിത് യുവതി കൊല്ലപ്പെട്ടിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത കേരള പോലിസ് പോരാട്ടം പ്രവര്‍ത്തകര്‍ക്കെതിരേ കരിനിയമം ചുമത്താന്‍ തിടുക്കം കാണിച്ചതിനെ ചിലര്‍ ഫേസ്ബുക്കില്‍ വിമര്‍ശിച്ചു. ചില പോരാട്ടം പ്രവര്‍ത്തകര്‍ യുഎപിഎ ചുമത്താന്‍ കാരണമായ പോസ്റ്ററും പോരാട്ടം പുറത്തിറക്കിയ നോട്ടീസും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചെങ്കിലും തണുത്ത പ്രതികരണമായിരുന്നു.  തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളുമായി മൂന്ന് പേരെ ഇക്കഴിഞ്ഞ മൂന്നിനാണ് തൃശൂര്‍ ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ കയ്പറമ്പ് സ്വദേശി സി എ അജിതന്‍, ചേലക്കര സ്വദേശി ദിലീപ് നെല്ലുളിക്കാരന്‍, എറണാകുളം കുറുപ്പംപടി സ്വദേശി സാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ സാഹിത്യ അക്കാദമി പരിസരത്തുനിന്ന് വൈകീട്ട് മൂന്നോടെ അറസ്റ്റിലായവര്‍ക്കെതിരേ അന്നുരാത്രി തന്നെ യുഎപിഎ ചുമത്തി. ലഘുലേഖകള്‍ മാവോയിസ്റ്റ് അനുകൂലമാണെന്നായിരുന്നു പോലിസ് ഭാഷ്യം.

അതിനിടെ വെള്ളിയാഴ്ച വയനാട് വെള്ളമുണ്ടയില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ പോസ്റ്റര്‍ കാംപയ്‌നിങ്ങിനിടയില്‍ പോരാട്ടം പ്രവര്‍ത്തകരായ ഗൗരിയെയും ചാത്തുക്കുട്ടിയെയും അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേയും യുഎപിഎ ചാര്‍ത്തി തടവിലിട്ടിരിക്കുകയാണ്. ജനാധിപത്യ സമൂഹത്തില്‍ വോട്ട് ചെയ്യാനുള്ള അവകാശം പോലെ വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശവുമുണ്ടെന്ന് ചൂണ്ടിക്കാട്ടി ചില കോണുകളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുന്നതായിരുന്നു തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍. ജനങ്ങള്‍ നേരിടുന്ന കാതലായ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം സാമ്രാജ്യത്വ മൂലധനം ഇറക്കുമതി ചെയ്ത് വന്‍കിട ദല്ലാള്‍ കുത്തകകള്‍ക്കും ഉദ്യോഗസ്ഥ മേധാവിത്വത്തിനും നാടുവാഴിത്ത ചൂഷകര്‍ക്കും ഗുണം ലഭിക്കുന്ന തരത്തില്‍ ജനവിരുദ്ധ വികസന നയങ്ങളും പദ്ധതികളുമായാണ് സിപിഎം ഉള്‍െപ്പടെയുള്ള പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, ബിജെപി സംഘടനകളും വികസന നയത്തിന്റെ കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ്. 69 വര്‍ഷത്തെ പാര്‍ലമെന്ററി രാഷ്ട്രീയവും അധികാര വ്യവസ്ഥയും ജനങ്ങള്‍ക്ക് നല്‍കിയതെന്താണെന്നും നോട്ടീസില്‍ ചോദിക്കുന്നു. സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ വ്യാപകമായി. മതന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്്‌ലിംകള്‍ സവര്‍ണ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ സംഘടിത ആക്രമണങ്ങള്‍ക്കും വംശഹത്യക്കും ഇരകളാവുന്നു. ദളിതര്‍ക്കു നേരെ ജാതീയ വിവേചനങ്ങളും ആക്രമണങ്ങളും ശക്തമാക്കുന്ന ബ്രാഹ്മണ്യവാദികള്‍ സര്‍വ മേഖലകളിലും ആധിപത്യം പുലര്‍ത്തുന്നു. രോഹിത് വെമുല, ഗോവിന്ദ പന്‍സാരെ, നരേന്ദ്ര ദാല്‍ബോല്‍ക്കര്‍, എം എം കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങള്‍ ഇതിനുദാഹരണമാണെന്നും നോട്ടീസില്‍ പറയുന്നു. കര്‍ഷകരും തൊഴിലാളികളും ആദിവാസികളും മുസ്്‌ലിംകളും ദളിതരും അടിച്ചമര്‍ത്തപ്പെടുന്നിടത്ത് യഥാര്‍ഥ ജനാധിപത്യത്തിലേക്കുള്ള പാത ബാലറ്റുകളല്ല; ജനകീയ പോരാട്ടങ്ങളുടെയും വര്‍ഗസമരത്തിന്റേതുമാണെന്നുമാണ് നോട്ടിസ് ആഹ്വാനം ചെയ്യുന്നത്. പോരാട്ടം സംസ്ഥാന ജനറല്‍ കൗണ്‍സില്‍ പുറത്തിറക്കിയ നോട്ടീസില്‍ ചെയര്‍പേഴ്‌സണ്‍ എം എന്‍ രാവുണ്ണിയുടെയും ജനറല്‍ കണ്‍വീനര്‍ പി പി ഷാന്റോ ലാലിന്റെയും പേരും ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it