thrissur local

തിരഞ്ഞെടുപ്പ് ബഹിഷ്‌കരണാഹ്വാനം മൗലികാവകാശം: അഡ്വ. പി എ പൗരന്‍

തൃശൂര്‍: തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്യാനുമുള്ള അവകാശം മൗലികാവകാശമാണെന്നും സാമാന്യ ജനാധിപത്യ അവകാശങ്ങളെ പോലും പോലിസ് ചവിട്ടി മെതിക്കുകയാണെന്നും പ്രമുഖ പൗരവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി എ പൗരന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ പോസ്റ്റര്‍ പതിച്ചെന്നാരോപിച്ച് പോരാട്ടം പ്രവര്‍ത്തരടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു തൃശൂര്‍ നഗരസഭാ കാര്യാലയത്തിനു മുന്നില്‍ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വോട്ടു ചെയ്യാതിരിക്കാനുള്ള അവകാശവും ഏതൊരു പൗരനുമുണ്ടെന്നും രാജ്യത്തെ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ ഈ അവകാശം അംഗീകരിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും വോട്ട് ചെയ്യേണ്ടെന്ന് പൗരന്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇതേ അഭിപ്രായത്തിന്റെ തന്നെ ഭാഗമാണ്.
ഈ വസ്തുതകളെ അടിച്ചമര്‍ത്തിക്കൊണ്ടാണ് പോലിസ് പോരാട്ടം നേതാക്കളായ സി പി അജിതന്‍, സാബു, ചാത്തു, ഗൗരി എന്നിവരെ യുഎപിഎ ഭീകരനിയമം ചാര്‍ത്തി തുറുങ്കലടച്ചിരിക്കുന്നത്.
പോലിസ് ആരോപിക്കുന്നതു പോലെ സായുധ സമരത്തിനാഹ്വാനം ചെയ്യുന്ന ഒരു വാചകവും പോസ്റ്ററുകളില്‍ ഇല്ല. ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു ജില്ലയില്‍ പൊതു പരിപാടി സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ സാഹിത്യ അക്കാദമി മുറ്റത്ത് എത്തിയ പാഠാന്തരം വിദ്യാര്‍ഥി ക്കൂട്ടായ്മയുടെ നേതാവ് ദിലീപ് നേരിട്ടതാകട്ടെ പച്ചയായ ഭരണകൂട ഹിംസാത്മകതയും.
അജിതനെ അറസ്റ്റ് ചെയ്യുമ്പോള്‍ അടുത്തു നിന്നിരുന്ന ദിലീപിനെ കൂടി പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്യവ്യാപകമായി വിദ്യാര്‍ഥികള്‍ക്കെതിരേ ഭരണകൂടം നടത്തുന്ന ഫാഷിസ്റ്റ് അടിച്ചമര്‍ത്തലിന്റെ ഭാഗമാണ് ദിലീപിന്റെ അറസ്റ്റ്.
പ്രതിഷേധത്തില്‍ നജ്മല്‍ ബാബു, ടി കെ വാസു, കെ കെ മണി, ഡോ. ഹരി പി ജി, കെ ശിവരാമന്‍, സ്വപ്‌നേഷ് ബാബു, ജോളി ചിറയത്ത്, അഭിലാഷ് പാടാച്ചേരി പങ്കെടുത്തു. സി പി റഷീദ്, അഡ്വ. തുഷാര്‍ നിര്‍മല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it