തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍

തിരുവനന്തപുരം: നിയമനാംഗീകാരം ലഭിക്കാത്ത ഹയര്‍ സെക്കന്‍ഡറി അധ്യാപകരും കുടുംബാംഗങ്ങളും നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കേരള നോണ്‍ അപ്രൂവ്ഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍. ഇനിയും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരത്തിലേക്ക് ഇറങ്ങാനും സംഘടന തീരുമാനിച്ചു.
സംസ്ഥാനത്ത് പുതുതായി അപ്‌ഗ്രേഡ് ചെയ്ത ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ രണ്ടുവര്‍ഷമായി നിയമനാംഗീകാരം പ്രതീക്ഷിച്ചു ജോലി ചെയ്തുവരുന്ന അധ്യാപകര്‍ക്ക് 2635 അധ്യാപക തസ്തികയും 235 ലാബ് അസിസ്റ്റന്റ് തസ്തികയും സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതിന്റെ വിശദമായ ഉത്തരവ് ഇറക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചിട്ടുപോലും ഇതുവരെയും സാധിച്ചിട്ടില്ല. പകരം തസ്തികകള്‍ സൃഷ്ടിക്കാന്‍ തത്ത്വത്തില്‍ തീരുമാനിച്ച് ഉത്തരവിറക്കുകയാണ് ചെയ്തത്.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സമര്‍പ്പിച്ച ശുപാര്‍ശയില്‍ പോരായ്മകളുണ്ടെന്ന പേരിലാണ് വിശദമായ ഉത്തരവ് ഇറങ്ങാതിരുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും വിഡ്ഢികളാക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തിന്റെ നിലപാട് തിരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it