തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം: രണ്ടുപേര്‍ അറസ്റ്റില്‍; പോസ്റ്റര്‍ പതിക്കുന്നതിനിടെ പോലിസ് പിടികൂടി

മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്ററുകള്‍ പതിച്ച പോരാട്ടം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മാനന്തവാടി അമ്പുകുത്തി സ്വദേശി കെ ചാത്തു (60), തിരുനെല്ലി അപ്പപ്പാറ സ്വദേശിനി ഗൗരി (27) എന്നിവരെയാണ് വെള്ളമുണ്ട പോലിസ് അറസ്റ്റ് ചെയ്തത്. രണ്ടു പേര്‍ക്കുമെതിരേ യുഎപിഎ ചുമത്തിയാണ് പോലിസ് കേസെടുത്തത്.
ഇന്നലെ വൈകീട്ട് അഞ്ചോടെ തൊണ്ടര്‍നാട് കുഞ്ഞോം ടൗണിലെത്തിയ ഇവര്‍ പോരാട്ടത്തിന്റെ പേരിലുള്ള പോസ്റ്ററുകള്‍ പതിക്കുകയായിരുന്നു. വിനാശവികസനത്തിനും സാമ്രാജ്യത്വ സേവകര്‍ക്കും ജനശത്രുക്കള്‍ക്കും നാം എന്തിനു വോട്ട് ചെയ്യണം, കര്‍ഷകരെയും തൊഴിലാളികളെയും ആദിവാസികളെയും ദലിതരെയും മുസ്‌ലിംകളെയും മര്‍ദ്ദിച്ചൊതുക്കുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പല്ല വിമോചനത്തിന്റെ പാത. ജനകീയ പോരാട്ടങ്ങളാണ് ശരിയായ പാതയെന്നും യഥാര്‍ഥ ജനാധിപത്യത്തിനായി പോരാടുക എന്നുമാണ് ബഹുവര്‍ണ പോസ്റ്ററിലുള്ളത്. പോരാട്ടവുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്. കുഞ്ഞോത്ത് പോസ്റ്റര്‍ പതിച്ച ഇവരെ നിരവില്‍പ്പുഴ മട്ടിലയത്ത് പോസ്റ്റര്‍ പതിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് പിടികൂടിയത്.
പ്രതികളെ ഇന്നു മാനന്തവാടി കോടതിയില്‍ ഹാജരാക്കും. പിടിയിലായ ചാത്തു, ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചിട്ടും സൗന്ദര്യം കൂടിയില്ലെന്നാരോപിച്ച് സോപ്പ് കമ്പനിക്കും നടന്‍ മമ്മൂട്ടിക്കുമെതിരേ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയ ആളാണ്. ഈ കേസ് 30,000 രൂപ നല്‍കി കമ്പനി ഒത്തുതീര്‍ത്തിരുന്നു. നെടുംപൊയില്‍ ക്രഷറിന് നേരെ മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ പോലിസ് പിടിയിലായ അച്ചു എന്ന അഷറഫിന്റെ ഭാര്യയാണ് ഗൗരി.
Next Story

RELATED STORIES

Share it