തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ പോസ്റ്റര്‍: ഒരാള്‍ക്ക് ജാമ്യം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന പോസ്റ്റര്‍ സൂക്ഷിച്ചെന്ന കേസില്‍ അറസ്റ്റിലായ കൊടുവള്ളി സ്വദേശിക്ക് ജാമ്യം. പന്നിക്കോട്ടൂര്‍ പൊയിലില്‍ വീട്ടില്‍ ബാലനാ(47)ണ് ഫസ്റ്റ്ക്ലാസ് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി ശങ്കരന്‍ നായര്‍ ജാമ്യം അനുവദിച്ചത്. മെയ് 8ന് അറസ്റ്റിലായതുമുതല്‍ ഇയാള്‍ ജയിലിലായിരുന്നു. പോരാട്ടം'സംഘടനയുടെ പോസ്റ്ററിന്റെ പേരിലാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നത്. ജാമ്യാപേക്ഷയെ പോലിസ് കോടതിയില്‍ ശക്തമായി എതിര്‍ത്തു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നു പറയുന്നത് ഗുരുതരമായ കുറ്റമാണെന്നും കേസിലെ ഒന്നാംപ്രതി ഇയാളാണെന്നും ഇനിയും പ്രതികളെ കിട്ടാനുണ്ടെന്നും അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും പോലിസ് വാദിച്ചു.
പോസ്റ്റര്‍ സൂക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതും ഗുരുതരമായ കുറ്റമായി കാണാനാവില്ലെന്നു ബാലനുവേണ്ടി ഹാജരായ അഡ്വ. പി മുഹമ്മദ് ഹനീഫ വാദിച്ചു. ഒരു സ്ഥാനാര്‍ഥിയെയും ഇഷ്ടമില്ലാത്തവര്‍ക്കു നോട്ടക്കു വോട്ടുചെയ്യാന്‍ അവസരമുള്ളപ്പോള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനംചെയ്യുന്നത് കുറ്റമായി കാണാനാവില്ല. ബാലന്റെ പേരില്‍ മുമ്പ് ക്രിമിനല്‍ കേസുകളൊന്നുമില്ല. ഇയാള്‍ക്ക് നാലു പെണ്‍കുട്ടികളാണുള്ളത്. ഇതില്‍ ഒരാള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ആശാരിയായ ഇയാളെ ജയിലിലടയ്ക്കുന്നത് കുടുംബത്തെ തകര്‍ക്കുമെന്നും അഡ്വ. പി മുഹമ്മദ് ഹനീഫ തുടര്‍ന്ന് വാദിച്ചു.
സമാനമായ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് മൂന്നു പേര്‍ കൂടി കോഴിക്കോട് ജയിലിലുണ്ട്. വയനാട്, തൃശൂര്‍ ജില്ലകളിലായി നിരവധി പേരും ജയിലില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട്. പാഠാന്തരം വിദ്യാര്‍ഥിപ്രസ്ഥാനം പ്രവര്‍ത്തകനായ ദിലീപ് നെല്ലുളിക്കാരനു മാത്രമാണു സമാനമായ കേസില്‍ സംസ്ഥാനത്ത് ജാമ്യംലഭിച്ചിട്ടുള്ളത്. ദിലീപിന്റെ കൂട്ടുപ്രതികളെന്ന് പോലിസ് പറയുന്ന പോരാട്ടം നേതാവ് സി എ അജിതന്‍, സാബു എന്നിവരുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
Next Story

RELATED STORIES

Share it