Idukki local

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആശ്രമം വാര്‍ഡുകാര്‍

തൊടുപുഴ: അറക്കുളം പഞ്ചായത്തിലെ മൂലമറ്റത്തിനു സമീപം ആശ്രമം വാര്‍ഡിലെ ഇരുനൂറ്റമ്പതോളം വോട്ടര്‍മാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ഒരുക്കത്തിലാണ്. ഇവര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന ബൂത്ത് തൊട്ടടുത്തുണ്ടെങ്കിലും നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തണമെങ്കില്‍ വീടുകളില്‍ നിന്നും എട്ടു കിലോമീറ്റര്‍ നടന്നെത്തിയ ശേഷം 20 കിലോമീറ്റര്‍ ബസില്‍ യാത്ര ചെയ്ത് കുളമാവിലെത്തണം. ഇത്രയും ദൂരം യാത്ര ചെയ്ത് ഈ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോകില്ലെന്ന കടുത്ത നിലപാടിലാണ് പലരും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ടായ പിഴവ് മൂലം കിലോമീറ്ററുകള്‍ ദൂരെ കുളമാവില്‍ പോയി വോട്ടു ചെയ്യേണ്ട അവസ്ഥയില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം. ഇടുക്കി മണ്ഡലത്തില്‍പെട്ട അറക്കുളം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പ്പെട്ട 243 വോട്ടര്‍മാര്‍ക്കാണ് ഈ ബുദ്ധിമുട്ടുണ്ടായിരിക്കുന്നത്.
ഇരുപതു വര്‍ഷം മുമ്പ് വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥന്‍ പ്രദേശത്തെ നൂറിലേറെ കുടുംബങ്ങളുടെ വോട്ട് കുളമാവ് ബൂത്തിലേക്ക് തെറ്റായി രേഖപ്പെടുത്തിയതാണ് ഇതിന് കാരണം.
ആശ്രമത്തിനു സമീപത്ത് പൊട്ടന്‍പടി മലമടക്കുകളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്കാണ് ബുദ്ധിമുട്ടേറെ. കിലോമീറ്ററുകള്‍ നടന്ന് മൂലമറ്റം ടൗണിലെത്തിയിട്ട് വേണം ഇരുപതു കിലോ മീറ്റര്‍ ബസില്‍ സഞ്ചരിച്ച് കുളമാവിലെത്താന്‍. പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കുമാണ് ഏറെ ബുദ്ധിമുട്ട്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ബൂത്തില്‍ വോട്ടു ചെയ്യാന്‍ അവസരമുണ്ടാക്കണമെന്ന ഉറച്ച നിലപാടിലാണ് വോട്ടര്‍മാര്‍.
Next Story

RELATED STORIES

Share it