തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം 142 അക്രമങ്ങള്‍; അക്രമത്തിന് ബദല്‍ അക്രമമെന്ന രീതി ശരിയല്ല: സുധീരന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം സംസ്ഥാനത്തൊട്ടാകെ നടക്കുന്ന അക്രമസംഭവങ്ങളെ കെപിസിസി നിര്‍വാഹകസമിതി യോഗം അപലപിച്ചു. ഫലം വന്നശേഷം 142 അക്രമസംഭവങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ധര്‍മടത്ത് ഒരു സിപിഎം പ്രവര്‍ത്തകനും കയ്പ്പമംഗലത്ത് ഒരു ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. നിരവധി യുഡിഎഫ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ഉണ്ടായി.
പിണറായിയില്‍ നാല് കോ ണ്‍ഗ്രസ് ഓഫിസുകളാണ് അടിച്ചുതകര്‍ത്തത്. കരുനാഗപ്പള്ളിയില്‍ ഐഎന്‍ടിയുസി യൂനിറ്റ് കണ്‍വീനറെ ക്രൂരമായി ആക്രമിച്ചു. ഈ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും അവര്‍ക്കെതിരേ മുഖംനോക്കാതെ കര്‍ശന നടപടി വേണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു.
ബിജെപി- സിപിഎം പ്രവര്‍ത്തകരാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും സ്വന്തം അണികളെ നിയന്ത്രിക്കണം. ഒരുകാരണവശാലും അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കില്ലെന്ന് എല്ലാ പാര്‍ട്ടികളും തീരുമാനമെടുക്കണം. സ്വന്തം പാര്‍ട്ടിക്കാര്‍ അക്രമത്തില്‍ ഉള്‍പ്പെടാതിരിക്കാനുള്ള ജാഗ്രത കാട്ടണം. ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം ഒരുക്കണം. അക്രമത്തി ല്‍ പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെങ്കിലും കേന്ദ്രമന്ത്രി നടത്തിയ ഭീഷണി അപലപനീയമാണ്. കേന്ദ്രമന്ത്രിയുടെ ഭീഷണി ഫെഡറല്‍ ചിന്താഗതിക്ക് എതിരാണെന്നും സുധീരന്‍ പറഞ്ഞു.
പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ അക്രമം നടത്തുന്ന പ്രവണത ശരിയല്ല. രാഷ്ട്രീയ രംഗത്തെ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാ ന്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ട്. അക്രമത്തിന് ബദല്‍ അക്രമമെന്ന രീതി ശരിയല്ല. ഇതവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളില്‍ ധാരണ ഉണ്ടാവണം. ബിജെപി ഡല്‍ഹിയില്‍ കാട്ടിയ അക്രമങ്ങള്‍ക്ക് യാതൊരു ന്യായീകരണവുമില്ല. കേന്ദ്രമന്ത്രിമാരുടെ പ്രതിഷേധവും സമീപനവും ഇത്തരത്തിലേക്ക് നീങ്ങുന്നത് ശരിയല്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it