Kollam Local

തിരഞ്ഞെടുപ്പ് ഫലം: കൂട്ടലും കിഴിക്കലും അവസാനിക്കുന്നില്ല; ചവറ സംഘര്‍ഷഭീതിയില്‍

ചവറ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ വോട്ടുലഭ്യതയും ജയപരാജയങ്ങളുടെ കണക്കുകൂട്ടലുമായി ഇരു മുന്നണികളും വിധിയറിയാനുള്ള ദിവസത്തിനായി കാത്തിരിക്കുന്നു. അതേ സമയം ഇടത്, വലത് മുന്നണികള്‍ ചിത്രം വ്യക്തമാക്കാതെ കൂട്ടിക്കിഴിക്കലില്‍ സമയം കൊല്ലുമ്പോള്‍ മനസുമടുത്ത പ്രവര്‍ത്തകര്‍ ഇരു ചേരിയായി തിരിഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ്. വീടിനു നേരെ ആക്രമണം, കൃഷിഭൂമി നശിപ്പിക്കല്‍. വാഹനം തീയിട്ട് നശിപ്പിക്കല്‍, എതിര്‍ ചേരിയിലുള്ളവരുടെ വീട്ടുകാര്‍ക്കു നേരെ ആക്രമണം എന്നിവയാണ് ചവറയില്‍ അരങ്ങേറുന്നത്.

അക്രമണം വ്യാപിക്കാതിരിക്കാന്‍ നേതാക്കളും പോലിസും പാടു പെടുകയാണ്. ശനിയാഴ്ച തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോള്‍ നിലവിലെ രീതിയില്‍ അനിഷ്ടസംഭവങ്ങളുണ്ടാവുമോയെന്നും ഭയത്തിലാണ് പൊതുജനങ്ങളും അധികൃതരും. കാലത്തിനനുസരിച്ച് ഭരണം മാറിക്കൊണ്ടിരിക്കുന്ന പഞ്ചായത്തുകളാണ് പന്മന, തേവലക്കര, ചവറ, നീണ്ടകര. ആര്‍എസ്പിയുടെ പുനരേകീകരണത്തെ തുടര്‍ന്ന് തെക്കുംഭാഗം യുഡിഎഫിന് ലഭിച്ചെങ്കിലും ഇടത് മുന്നണിയോടൊപ്പം നില്‍ക്കുന്ന പഞ്ചായത്താണ് തെക്കുംഭാഗം.
കൂട്ടിയും കിഴിച്ചും മുന്നണികളും നേതാക്കളും സമയം കളയുമ്പോള്‍ സ്ഥാനാര്‍ഥികളുടെ നെഞ്ച് ഉരുകുകയാണ്. ചവറ നിയമസഭാ മണ്ഡലത്തില്‍പ്പെട്ട ബ്ലോക്ക് പഞ്ചയാത്തുകളില്‍ 80.38 ശതമാനവും ഗ്രാമപ്പഞ്ചായത്തുകളില്‍ ആവറേജ് 80.38 ശതമാനവും സമ്മതിദാനം നടന്നുവെന്ന് പറയുമ്പോള്‍ ന്യൂജനറേഷന്‍ വോട്ടുകള്‍ കാരണം വിജയം ആരെ തുണയ്ക്കുമെന്ന കാര്യത്തിലാണ് മുന്നണികളുടെ നേതൃത്വത്തിന് വേവലാതി. എന്നാല്‍ ബിജെപി എല്ലാ പഞ്ചായത്തുകളിലും അക്കൗണ്ട് തുറക്കുമെന്ന് പറയുമ്പോഴും നില മെച്ചപ്പെടുത്തുമെന്നാണ് നേതാക്കള്‍ രഹസ്യമായി പറയുന്നത്. എസ്ഡിപിഐ, പിഡിപി തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുന്നണികളില്‍ നിന്നും സീറ്റുകിട്ടാതെ പുറത്തുപോകുകയും പിന്നീട് സ്വതന്ത്രവേഷം കെട്ടിയ ജനസമ്മിതരായ നേതാക്കള്‍ക്ക് ജനങ്ങള്‍ തങ്ങളെ കൈവിടില്ലെന്ന ഉറച്ച വിശ്വാസവുമുണ്ട്. വോട്ടിങ്ങിലെ വര്‍ധനവും ബിജെപി, എസ്ഡിപിഐ എന്നീ പാര്‍ട്ടികളുടെ സാന്നിധ്യവും ചര്‍ച്ചാ വിഷയമാണ്.
Next Story

RELATED STORIES

Share it