kozhikode local

തിരഞ്ഞെടുപ്പ് ഫലം: അണികള്‍ പോര്‍വിളിയില്‍; നേതാക്കള്‍ വിനോദ യാത്രയില്‍

താമരശ്ശേരി: വീറും വാശിയിലും നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നപ്പോള്‍ അണികള്‍ ചേരിതിരിഞ്ഞു പോര്‍ വിളിനടത്തുന്നതിനിടയില്‍ നേതാക്കള്‍ വിനോദ യാത്രയില്‍. താമരശ്ശേരിയിലെ തോറ്റ പ്രമുഖ നേതാവും ഇടത് വലത് നേതാക്കളും യുവ തൊഴിലാളി നേതാക്കളുമാണ് വിനോദ യാത്രനടത്തിയത്.
അണികള്‍ എതിര്‍ പാര്‍ട്ടിക്കാരുടെ നേര്‍ക്ക് ശക്തമായി പ്രകടനം നടത്തുമ്പോഴാണ് നേതാക്കള്‍ ഒറ്റക്കെട്ടായി രാഷ്ട്രീയ വൈരം മറന്നു വിനോദ യാത്രനടത്തിയത്. താമരശ്ശേരിയില്‍ ഇടതും വലതും ലീഗും അഡ്ജസ്റ്റ്‌മെന്റ് ഭരണമാണ് നടത്തുന്നതെന്ന പരാതി പാര്‍ട്ടി അണികളില്‍ തന്നെ പാട്ടാണ്.
മുന്‍ ഭരണ സമിതിയില്‍ ഇടതിനു നാലു സീറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റു കൂടി ലഭിച്ചു. ഇത് പാര്‍ട്ടിയോടുള്ള താല്‍പര്യം കൊണ്ടല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥികളോടുള്ള വിരോധമാണെന്നും പരക്കേ സംസാരമുണ്ട്. നേതൃത്വം അണികളില്‍ നിന്നകന്നത് ഇവിടെ ഏറെ ചര്‍ച്ചയാവുകയും ചെയ്യുന്നു.
ഇടതിന്റെ എക്കാലത്തേയും കോട്ടയായ കെടവൂര്‍ വാര്‍ഡില്‍ സ്വന്തം സ്ഥാനാര്‍ഥി വിജയിച്ചെങ്കിലും തൊട്ടു പിന്നില്‍ ബിജെപിക്കാണ് സ്ഥാനം. കിട്ടുന്ന സീറ്റുകളൊക്കെയും ബോണസാണെന്നു കരുതിയാല്‍ മതിയെന്നാണ് സിപിഎമ്മിന്റെ പ്രമുഖ നേതാവ് തിരഞ്ഞെടുപ്പിനു മുന്‍പ് പറഞ്ഞത്.
യുഡിഎഫിന്റെ ഉരുക്കു കോട്ടയെന്ന് കേരളം വിധിയെഴുതിയ കൊടുവള്ളിയില്‍ വലിയ ചലനമുണ്ടാക്കാന്‍ അവിടത്തെ സിപിഎമ്മും റഹീം ലീഗും നേതൃത്വം നല്‍കിയ അഴിമതി വിരുദ്ധ ജനകീയ മുന്നണിക്കായെങ്കില്‍ അതിലും കൂടുതല്‍ താമരശ്ശേരിയില്‍ ഇടതിനു നേടാന്‍ കഴിയുമെന്ന് പാര്‍ട്ടി അണികള്‍ തന്നെ ഉറച്ചു വിശ്വസിക്കുന്നു.
Next Story

RELATED STORIES

Share it