malappuram local

തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചെന്ന്; മംഗലം പുല്ലൂണിയില്‍ സിപിഎം - ആര്‍എസ്എസ് സംഘര്‍ഷം

തിരൂര്‍: മംഗലം പുല്ലൂണിയില്‍ ആര്‍എസ്എസ്- സിപിഎം സംഘര്‍ഷം ഒന്‍പതു പേര്‍ക്ക് പരിക്ക്. അക്രമത്തില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കും മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്.സിപിഎം മംഗലം ലോക്കല്‍ സെക്രട്ടറി കിഴക്കേവീട്ടില്‍ പ്രസാദ്(48), മംഗലം ഗ്രാമപ്പഞ്ചായത്ത് അംഗം മണ്ണൂപാടത്ത് ഷിജു (37), വടക്കേപുരക്കല്‍ ഗോപാലന്‍ (48), കണ്ണേത്ത് രാജന്‍ (37), കിഴക്കേവീട്ടില്‍ ജിബിന്‍ (26), പുല്ലൂണി കൃഷ്ണന്‍ (42), ആര്‍എസ്എസ് പ്രവര്‍ത്തകരായ തൊട്ടിയില്‍ ഭാസ്‌ക്കരന്‍ (37), തെറാട്ടില്‍ അപ്പു (58), തൊട്ടിയില്‍ ബാബു (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരായ പ്രസാദ്, ഷിജു, ഗോപാലന്‍, രാജന്‍, കൃഷ്ണന്‍ എന്നിവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും ആര്‍എസ്എസ് പ്രവര്‍ത്തകനായ അപ്പുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബാക്കിയുള്ളവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ പുല്ലൂണി ക്ഷേത്രത്തിന് സമീപത്താണ് സംഭവം. പുല്ലൂണിയില്‍ ബിജെപി സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകള്‍ സിപിഎമ്മുകാര്‍ നശിപ്പിച്ചുവെന്നാരോപിച്ച് ഇരുപാര്‍ട്ടിക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇത് അക്രമത്തില്‍ കലാശിക്കുകയായിരുന്നു. അക്രമത്തെ തുടര്‍ന്ന് പ്രദേശത്ത് പോലിസ് സുരക്ഷ കര്‍ശനമാക്കി. എന്നാല്‍, അതിനിടയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുംപ്രദേശത്ത് അക്രമം നടന്നു.
സിപിഎം അനുഭാവികളായ പട്ടത്തൂര്‍ ബാലന്റെ വീടിന്റെ അടുക്കളക്കും മണ്ണത്ത് ചന്ദ്രന്റെ വീട്ടിലെ വിറകുപുരയ്ക്കും തീയിട്ടു. കണ്ടംപ്പിള്ളി രാധാകൃഷ്ണന്‍, വടക്കേപുരക്കല്‍ മീനാക്ഷി എന്നിവരുടെ വീടിനു നേരെയും അക്രമമുണ്ടായി.
മംഗലത്തെ മദ്‌റസാധ്യാപകന്‍ കാരാട്ടുകടവത്ത് പാറയില്‍ ഹംസയുടെ വീട്ടുകിണറ്റില്‍ മണ്ണെണ്ണയൊഴിച്ച് കുടിവെള്ളം നശിപ്പിച്ചു. തവനൂര്‍ മണ്ഡലം ഇടതു സ്ഥാനാര്‍ഥിയുടെ പുല്ലൂണിയില്‍ സ്ഥാപിച്ച പ്രചാരണബോര്‍ഡുകള്‍ തകര്‍ക്കപ്പെട്ടത് സന്ദര്‍ശിക്കാനെത്തിയ സിപിഎം ജില്ലാ കമ്മറ്റിയംഗം എ ശിവദാസന്‍ സംഭവത്തെക്കുറിച്ച്പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരോട് വിശദീകരിക്കുന്നതിനിടെ അതു തടഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടെന്നു സിപിഎം നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it