'തിരഞ്ഞെടുപ്പ് പ്രചാരണ ചെലവ്; കൂടുതല്‍ ചെലവഴിച്ചത് സി കെ ഹരീന്ദ്രന്‍ എംഎല്‍എ; 11 സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് നിശ്ചയിച്ച ചെലവിന്റെ പരിധി ലംഘിച്ച 11 സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ്. തിരുവനന്തപുരം ജില്ലയിലെ 11 സ്ഥാനാര്‍ഥികള്‍ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികളാണ് കൂടുതല്‍ പണം ചെലവഴിച്ചവരില്‍പ്പെടുന്നത്.
വൈദ്യുതി-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ സ്പീക്കര്‍ എന്‍ ശക്തന്‍, അദ്ദേഹത്തെ തോല്‍പിച്ച സിപിഎമ്മിന്റെ ഐ ബി സതീഷ്, വാമനപുരം എംഎല്‍എ ഡി കെ മുരളി, അവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ടി ശരത്ചന്ദ്ര പ്രസാദ്, പാറശ്ശാല എംഎല്‍എ സി കെ ഹരീന്ദ്രന്‍, നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍, അവിടെ പരാജയപ്പെട്ട യുഡിഎഫിന്റെ ആര്‍ ശെല്‍വരാജ്, കഴക്കൂട്ടം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന മുന്‍ പ്രസിഡന്റ് വി മുരളീധരന്‍, കാട്ടാക്കട മണ്ഡലം ബിജെപി സ്ഥാനാര്‍ഥിയായിരുന്ന പി കെ കൃഷ്ണദാസ്, പാറശ്ശാല മണ്ഡലം ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കരമന ജയന്‍ എന്നിവര്‍ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവര്‍ ഈ മാസം 13ന് നടക്കുന്ന യോഗത്തില്‍ കലക്ടര്‍ക്കും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനും മുന്നില്‍ കണക്കുകള്‍ സമര്‍പ്പിക്കണം.
കലക്ടറും നിരീക്ഷകനും ഈ കണക്കുകള്‍ തള്ളിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ അവ സമര്‍പ്പിക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരം ഒരു സ്ഥാനാര്‍ഥിക്ക് 28 ലക്ഷം രൂപയാണ് ചെലവഴിക്കാനുള്ള പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇതുപ്രകാരം സി കെ ഹരീന്ദ്രനാണ് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചതെന്ന് കണക്കുകള്‍ പറയുന്നു. 45,40,310 രൂപയാണ് ഹരീന്ദ്രന്റെ തിരഞ്ഞെടുപ്പ് ചെലവ്. പാരഡികള്‍ക്കു വേണ്ടിയാണ് സ്ഥാനാര്‍ഥികള്‍ കൂടുതല്‍ തുക ചെലവഴിച്ചത്.
ആര്‍ ശെല്‍വരാജാണ് തൊട്ടുപിന്നില്‍- 45,04,044 രൂപ. ടി ശരത്ചന്ദ്ര പ്രസാദ് 42,25,355 രൂപ, ഡി കെ മുരളി 28,64,570, കടകംപള്ളി സുരേന്ദ്രന്‍ 28,20,612, ഐ ബി സതീഷ് 35,13,145, കെ ആന്‍സലന്‍ 31,33,895, എന്‍ ശക്തന്‍ 29,20,769, വി മുരളീധരന്‍ 29,87, 076, കരമന ജയന്‍ 31,58,002, പി കെ കൃഷ്ണദാസ് 33,64,908 എന്നിങ്ങനെയാണ് മറ്റുള്ളവര്‍ ചെലവഴിച്ച തുക.
അതേസമയം, 1951ലെ പീപ്പി ള്‍ ആക്റ്റിലെ 10 എ വകുപ്പനുസരിച്ച് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കുന്ന കണക്കില്‍ പരിധി ലംഘിച്ചതായി വ്യക്തമായാല്‍ മൂന്നുവര്‍ഷത്തേക്ക് അവരെ അയോഗ്യരാക്കാവുന്നതാണ്.
Next Story

RELATED STORIES

Share it