Pathanamthitta local

തിരഞ്ഞെടുപ്പ് പ്രചാരണം; സമയക്രമം കര്‍ശനമായി പാലിക്കണം

പത്തനംതിട്ട: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ച സമയക്രമം കര്‍ശനമായി പാലിക്കണമെന്നും സമയക്രമം ലംഘിച്ച് പ്രചാരണം നടത്തിയാല്‍ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ സ്ഥാനാര്‍ഥികളുടെ പ്രതിനിധികളെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അറിയിച്ചു.
രാത്രി 10ന് ശേഷവും രാവിലെ ആറിന് മുമ്പും പ്രചാരണം പാടില്ല. ചിലയിടങ്ങളില്‍ രാത്രി 10നു ശേഷവും പ്രചാരണം നടക്കുന്നതായി പരാതി ലഭിച്ചതായി കലക്ടര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ചെലവുകളുടെ പ്രാഥമിക റിപോര്‍ട്ട് ഇന്ന് വൈകീട്ട് അഞ്ചിന് മുമ്പായി ചെലവ് നിരീക്ഷകര്‍ മുമ്പാകെ സമര്‍പ്പിക്കണം. പോളിങ് ദിവസം ബൂത്തുകളുടെ അസൗകര്യം പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനുമായി 83 സെക്ടറല്‍ ഓഫിസറെ നിയമിക്കാനും പോലിസ് സംവിധാനം ശക്തിപ്പെടുത്താനും തീരുമാനമായി.
പത്തനംതിട്ട നഗരസഭയിലെ ഒന്ന്, ആറ് വാര്‍ഡുകളിലെ ബൂത്തുകളില്‍ ഡോളി സംവിധാനം ഏര്‍പ്പെടുത്തും. തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ (ജനറല്‍) വി സനല്‍കുമാര്‍, ജില്ലാ പോലിസ് മേധാവി ടി നാരായണന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ സുന്ദരന്‍ ആചാരി, ചെലവ് നിരീക്ഷകരായ എ ഷാജഹാന്‍, സാംസണ്‍ ജോര്‍ജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ നൗഷാദ് കണ്ണങ്കര, ടി കെ ജി നായര്‍, എ ശംസുദീന്‍, എ സുദര്‍ശനന്‍, വാളകം ജോണ്‍ പങ്കെടുത്തു.
സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവുംസെറ്റ് ചെയ്യുന്നത് രണ്ടിന്
പത്തനംതിട്ട: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പന്തളം മുനിസിപ്പാലിറ്റിയിലെ സ്ഥാനാര്‍ഥികളുടെ പേരും, ചിഹ്നവും വോട്ടിങ് യന്ത്രത്തില്‍ സെറ്റ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നവംബര്‍ രണ്ടിന് പന്തളം എന്‍.എസ്.എസ് കോളജ് റീഡിങ് ഹാളില്‍ നടക്കും. ഒന്നു മുതല്‍ 17 വരെയുള്ള വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും സെറ്റ് ചെയ്യുന്നത് രാവിലെ 11 മുതലും, 18 മുതല്‍ 33 വരെയുള്ള വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടേത് ഉച്ചയ്ക്ക് രണ്ട് മണി മുതലും നടക്കുമെന്ന് വരണാധികാരി ബി ശ്രീകുമാര്‍ അറിയിച്ചു.
വോട്ട് വണ്ടി പര്യടനം ഇന്നു സമാപിക്കും
മല്ലപ്പള്ളി: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലൂടെ വോട്ട് ചെയ്യുന്ന രീതി സമ്മതിദായകര്‍ക്ക് പരിചയപ്പെടുത്തിയ വോട്ട് വണ്ടിയുടെ ജില്ലയിലെ പര്യടനം ഇന്ന് സമാപിക്കും.
രാവിലെ 10ന് പരുമലയില്‍ നിന്നു തുടങ്ങുന്ന പര്യടനം ആറന്‍മുള, കോഴഞ്ചേരി, കുമ്പനാട്, പുല്ലാട്, മല്ലപ്പള്ളി, വെണ്ണിക്കുളം, തടിയൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി റാന്നിയില്‍ സമാപിക്കും.
Next Story

RELATED STORIES

Share it