wayanad local

തിരഞ്ഞെടുപ്പ് പ്രചാരണം; മദ്യം വിളമ്പിയാല്‍ കര്‍ശന നടപടി

കല്‍പ്പറ്റ: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യം വിളമ്പിയാല്‍ തിരഞ്ഞെടുപ്പ് നിയമ പ്രകാരം കേസെടുക്കുമെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ മുന്നറിയിപ്പ് നല്‍കി.
ആദിവാസി കോളനികളില്‍ മദ്യം വിതരണം ചെയ്താല്‍ പട്ടികവിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം കൂടി ഉള്‍പ്പെടുത്തിയാവും കേസെടുക്കുക. തിരഞ്ഞെടുപ്പ് പ്രമാണിച്ച് കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികളിലൂടെ മദ്യമൊഴുക്കിന് സാധ്യതയുണ്ടെന്ന് ജില്ലയിലെ സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെയും യോഗത്തില്‍ അഭിപ്രായമുയര്‍ന്നപ്പോഴായിരുന്നു കലക്ടറുടെ മുന്നറിയിപ്പ്. മദ്യവിതരണം നടക്കുന്നതായി പരാതിയുയര്‍ന്ന രണ്ടു പഞ്ചായത്തുകളില്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. വോട്ടെടുപ്പിന് മുമ്പത്തെ ഒരാഴ്ച ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. വോട്ടെടുപ്പ് വേളയില്‍ മദ്യം വിതരണം ചെയ്യുന്നതു ജില്ലയിലെ പ്രധാന പ്രശ്‌നമാണ്. സംസ്ഥാനത്ത് വ്യാജ മദ്യദുരന്തത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയിലെ വ്യാജമദ്യ നിര്‍മാണം, അനധികൃത മദ്യവില്‍പന എന്നിവയെക്കുറിച്ച് വിവരം ലഭിച്ചാല്‍ ജില്ലാ കലക്ടറെയോ ജില്ലാ പോലിസ് മേധാവിയെയോ നേരിട്ട് അറിയിക്കാം.
ജില്ലയില്‍ ഇതുവരെ രേഖകളില്ലാതെ കടത്തിയ 1.4 കോടി രൂപ പിടിച്ചെടുത്തതായും കലക്ടര്‍ അറിയിച്ചു. ഇതില്‍ 97 ലക്ഷം രൂപ ആദായനികുതി വകുപ്പിന് കൈമാറി. ഗുഡ്ക, പുകയില, പാന്‍മസാല എന്നിവയും പിടിച്ചെടുത്തു.
വയനാടിന്റെ പ്രകൃതിഭംഗി നശിപ്പിക്കുന്ന വിധത്തില്‍ പാറക്കെട്ടുകളും മലകളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നു കലക്ടര്‍ അറിയിച്ചു. മരങ്ങളില്‍ ആണിയടിക്കരുത്. റോഡില്‍ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും വോട്ടഭ്യര്‍ഥനയും എഴുതി ഗതാഗതത്തിന് തടസ്സമുണ്ടാക്കി അപകടം വിളിച്ചുവരുത്തരുത്.
അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ പെയ്ഡ് ന്യൂസ് പ്രവണതയ്ക്ക് തടയിടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച എംസിഎംസി കമ്മിറ്റി കര്‍ശന നിരീക്ഷണം നടത്തുന്നുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നതിനും ബള്‍ക്ക് എസ്എംഎസ് അയക്കാനും എംസിഎംസിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. പ്രിന്ററുടെയും പബ്ലിഷറുടെയും പേരില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പോസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവ അച്ചടിച്ചതായി പരാതി ലഭിച്ചാല്‍ 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 127 എ വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു. ഇത്തവണ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വിതരണം ചെയ്യുന്ന ഫോട്ടോ വോട്ടര്‍ സ്ലിപ്പില്‍ ബാക്കി വരുന്നവ വോട്ടെടുപ്പിന് അഞ്ചു ദിവസം മുമ്പ് തഹസില്‍ദാര്‍ക്ക് തിരിച്ചേല്‍പ്പിക്കും. പോളിങ് ദിവസം വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയ്യില്ല. ബിഎല്‍ഒമാര്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്നതായി തെളിവു സഹിതം പരാതി നല്‍കിയാല്‍ കര്‍ശനമായ അച്ചടക്ക നടപടിയുണ്ടാവും. ഇത്തവണ വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോ കൂടി ഉണ്ടാവും. ഇതിനായി തയ്യാറാക്കിയ ഫോട്ടോ ബന്ധപ്പെട്ട വരണാധികാരികള്‍ അവരുടെ ഓഫിസിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. അവ്യക്തതയോ പരാതിയോ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
സിവില്‍സ്റ്റേഷനിലെ എപിജെ അബ്ദുല്‍ കലാം മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ സുഭാശിഷ് മൈത്ര, പോലിസ് നിരീക്ഷകന്‍ ഡോ. പി വി കൃഷ്ണപ്രസാദ് സംബന്ധിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എതിരാളികളെ വിമര്‍ശിക്കുന്നതു വസ്തുനിഷ്ഠമായിരിക്കണമെന്നു പൊതുനിരീക്ഷകന്‍ സുഭാശിഷ് മൈത്ര അഭിപ്രായപ്പെട്ടു. ഏതെങ്കിലും ജാതിയുടെയോ സമുദായത്തിന്റെയോ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന ഒന്നും പ്രചരിപ്പിക്കരുത്. ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുത്. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യം പണം എന്നിവ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പോലിസിനെയോ ജില്ലാ കലക്ടറെയോ അറിയിക്കണമെന്ന് പോലിസ് നിരീക്ഷകന്‍ ഡോ. പി വി കൃഷ്ണപ്രസാദ് പറഞ്ഞു. മാവോവാദി ബാധിത പ്രദേശം എന്ന നിലയിലാണ് വയനാടിനെ പരിഗണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ 25 പോളിങ് സ്റ്റേഷനുകള്‍ മാവോവാദി ഭീഷണിയുള്ളവയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലിസിനെ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
യോഗത്തില്‍ മൂന്നു മണ്ഡലങ്ങളിലെ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷനും നടത്തി. ഇലക്ഷന്‍ കമ്മീഷന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഓരോ ബൂത്തിലേക്കും ഏത് വോട്ടിങ് മെഷീനാണ് ഉപയോഗിക്കേണ്ടതെന്ന പട്ടിക തയ്യാറാക്കുന്നതാണ് റാന്‍ഡമൈസേഷന്‍. വിവിധ സ്ഥാനാര്‍ഥികളുടെ ഇതുവരെയുള്ള തിരഞ്ഞെടുപ്പ് ചെലവ് കമ്മീഷന്‍ നിരീക്ഷകരുടെ കണക്കുമായി ഒത്തുനോക്കുന്ന പ്രവര്‍ത്തനങ്ങളും നടത്തി. തുടര്‍ന്ന് കലക്ടറുടെ ചേംബറില്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗവും ചേര്‍ന്നു.
യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ അബ്ദുല്‍ നജീബ്, മാനന്തവാടി മണ്ഡലം വരണാധികാരി ശീറാം സാംബശിവ റാവു, സുല്‍ത്താന്‍ ബത്തേരി മണ്ഡലം വരണാധികാരി സി എം ഗോപിനാഥന്‍, കല്‍പ്പറ്റ മണ്ഡലം വരണാധികാരി വി രാമചന്ദ്രന്‍, ജില്ലാ ഫിനാന്‍സ് ഓഫിസര്‍ കെ എം രാജന്‍, സ്ഥാനാര്‍ഥികള്‍, പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it