thrissur local

തിരഞ്ഞെടുപ്പ് പ്രചാരണം; രാത്രി 10നും രാവിലെ 6നും ഇടയില്‍ ഉച്ചഭാഷിണി ഉപയോഗം പാടില്ല

തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങള്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി രതീശന്‍ നിര്‍ദ്ദേശിച്ചു.
രാത്രി 10 നും രാവിലെ 6 നും ഇടയില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിന് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലിസ് അധികാരികളില്‍ നിന്നുളള അനുവാദമില്ലാതെ യോഗങ്ങള്‍ക്കോ വാഹനങ്ങളിലൂടെയുളള പ്രചാരണത്തിനോ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല.
സ്വകാര്യ വ്യക്തികളുടെ സ്ഥലമോ മതിലുകളോ കെട്ടിടങ്ങളോ വാഹനങ്ങളോ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട വ്യക്തികളില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വാങ്ങിയിരിക്കണം. വ്യക്തികളുടെ താമസ സ്ഥലത്തിന് മുമ്പില്‍ അവര്‍ക്ക് ശല്യമാകുംവിധം പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്.
മറ്റ് രാഷ്ട്രീയ കക്ഷികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പ്രചരണ പരിപാടികളിലെത്തി ശല്യപ്പെടുത്തുന്നതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും ചട്ടലംഘനമായി കണക്കാക്കി നടപടി എടുക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
മറ്റ് സ്ഥാനാര്‍ഥികളേയോ രാഷ്ട്രീയ കക്ഷിപ്രവര്‍ത്തകരേയോ നേതാക്കളേയോ അവരുടെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ ഉയര്‍ത്തി വിമര്‍ശിക്കുന്നതും സ്വഭാവഹത്യ നടത്തുന്നതും അനുവദനീയമല്ല. എന്നാല്‍ അവരുടെ നയങ്ങളെയും പരിപാടികളെയും കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെയും വിമര്‍ശിക്കുന്നതിനും വിലയിരുത്തുന്നതിനും പെരുമാറ്റച്ചട്ടം തടസ്സമല്ല.
Next Story

RELATED STORIES

Share it