തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ ആവുമ്പോള്‍ മറക്കരുത് പ്രകൃതിയെ

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലാവുമ്പോള്‍ മറക്കരുതാത്ത ചിലതുണ്ട്. നാം ചവിട്ടിനില്‍ക്കുന്ന മണ്ണിനെ മറക്കരുതെന്നതാണ് അതില്‍ പ്രധാനം. പ്രചാരണസാമഗ്രികളില്‍, മൈക്ക് ശബ്ദത്തില്‍, തോരണങ്ങളില്‍, നോട്ടീസില്‍ തുടങ്ങി ശ്രദ്ധിക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. ഈ ചിന്തകള്‍ക്കും ഭൂരിപക്ഷം കിട്ടുന്ന തിരഞ്ഞെടുപ്പാവട്ടെ ഇത്.
ഫഌക്‌സ് നിയന്ത്രണം
മഴയത്തും വെയിലത്തും മങ്ങാത്ത പ്രചാരണ സാമഗ്രിയാണ് ഫഌക്‌സ്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഉപയോഗിക്കാന്‍ സജ്ജം. ഇതു പക്ഷേ, തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഉപേക്ഷിക്കപ്പെടുന്നു. മണ്ണില്‍ ലയിക്കാതെ കിടക്കുന്ന ഇത് ഖരമാലിന്യമാണ്. സംസ്‌കരിക്കാന്‍പറ്റാത്ത മാലിന്യം.
സര്‍ക്കാര്‍, ഫഌക്‌സ് ഉപയോഗത്തിന് നിയന്ത്രണം വച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും ഫഌക്‌സ് നിരോധിച്ചെങ്കിലും കോടതി, വിലക്ക് പിന്‍വലിച്ചു. ഇപ്പോള്‍ ഈ വിഷയം വീണ്ടും കോടതിയുടെ പരിഗണനയിലാണ്. വിലക്ക് വന്നാലും ഇല്ലെങ്കിലും നല്ല നാളേക്കു വേണ്ടി ഇതിന്റെ ഉപയോഗം നിയന്ത്രിക്കുന്നതാണു നല്ലത്. ഇത് പൊതു സമൂഹത്തിന്റെ ആവശ്യമാണെന്ന് പശ്ചിമഘട്ട സംരക്ഷണസമിതി അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ ഉപയോഗിക്കുന്ന ഫഌക്‌സ് ദ്രവിച്ചുപോവുന്ന തരമാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ആയിരങ്ങളുടെ ജീവിതമാര്‍ഗവുമാണിത്. എന്നാല്‍, തുണിയില്‍ എഴുതിയും ചായം തേച്ചും ഉണ്ടാക്കുന്ന ബോര്‍ഡുകളാണ് പ്രകൃതിക്ക് അനുകൂലം. ഇത് ഏതാനും ആഴ്ചകള്‍കൊണ്ട് ദ്രവിച്ചുപോവുന്നു.പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ കലാകാരന്‍മാര്‍ കാര്യമുന്നയിച്ച് പ്രചാരണം നടത്തുന്നുണ്ട്.
പ്ലാസ്റ്റിക് തോരണം വേണ്ട
സ്ഥാനാര്‍ഥി സ്വീകരണത്തിനും പ്രചാരണത്തിനും പ്ലാസ്റ്റിക് തോരണങ്ങള്‍ കെട്ടുന്ന പതിവുണ്ട്. ഇത് യോഗം കഴിഞ്ഞാലും അഴിച്ചുമാറ്റില്ല. ഈ പ്ലാസ്റ്റിക് എത്രകാലം മണ്ണില്‍ കിടന്നാലും ദ്രവിക്കില്ല. ഇതു ഭൂമിക്ക് ദോഷംചെയ്യുന്നതാണ്. പഴയകാലത്ത് കുരുത്തോലയും മാവിന്റെ ഇലയും പനയോലകുരുന്നും ഉപയോഗിക്കുന്നതായിരുന്നു പതിവ്. ഇത് പ്രകൃതിക്ക് അനുകൂലവുമാണ്. അതിലേക്ക് ചിലരെങ്കിലും മടങ്ങുന്നു എന്നത് ആശ്വാസകരം. എല്ലാവര്‍ക്കും ഇത് മാതൃകയാക്കാം.
നോട്ടീസ് കുറയ്ക്കണ്ടേ
നോട്ടീസിനുള്ള പേപ്പര്‍ ചെലവേറിയ ഒന്നായി മാറിയിട്ടുണ്ട്. ഓരോ കഷണം പേപ്പറിനും മരം നിരന്തരം വെട്ടേണ്ടിവരും. ഗ്രാമപ്പഞ്ചായത്തില്‍ മല്‍സരിക്കുന്നവര്‍ നോട്ടീസ് അടിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കണം. ഇടുക്കിയില്‍ ഒരു സ്ഥാനാര്‍ഥി ഇത്തരം മാതൃക കാണിച്ചുകഴിഞ്ഞു. എല്ലാ വീടുകളും അറിയാം, നടന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ എത്താം- പിന്നെന്തിന് കടലാസ് നോട്ടീസ്. എസ്എംഎസും വാട്‌സ്ആപ്പും വന്ന നിലയ്ക്ക് ആ സാധ്യതയും നോക്കാം.
നടക്കാം, ആരോഗ്യം കൂട്ടാം
ഗ്രാമപ്പഞ്ചായത്തിലെ പര്യടനത്തിന് സ്ഥാനാര്‍ഥിക്കും കൂട്ടര്‍ക്കും വാഹനങ്ങള്‍ ഒഴിവാക്കാം. ഇന്ധനം ലാഭം, പോക്കറ്റിനും നേട്ടം. ഇലക്ഷന്‍ പ്രമാണിച്ചെങ്കിലും ശരീരം അനങ്ങുന്നത് ആരോഗ്യത്തിനും നല്ലത്. ജീവിതശൈലീരോഗങ്ങള്‍ ഒഴിവാക്കാനും ഇത് ഗുണം ചെയ്യും. നല്ല വഴികള്‍ ഏതാണ്ടെല്ലാ പഞ്ചായത്തിലും ആയിക്കഴിഞ്ഞു. നല്ല നടത്തവും ആകാം. സൈക്കിള്‍ സംഘങ്ങളെ നിയോഗിക്കലും പുതുമയുള്ള രീതിയാക്കാം.
മൈക്ക് ശബ്ദം കുറച്ചുകൂടെ
കാതടപ്പിക്കുന്ന ശബ്ദം വോട്ടറെ വെറുപ്പിക്കുക മാത്രമാണ് ചെയ്യുക. ശബ്ദമലിനീകരണം ഒഴിവാക്കുന്നത് ആരോഗ്യത്തിനും നല്ലത്. ശല്യം വരുന്നു എന്ന വാക്ക് കേള്‍പ്പിക്കാതിരിക്കാം. ഉയര്‍ന്ന ശേഷിയുള്ള പെട്ടിക്കോളാമ്പിയും മറ്റും ചെലവും കൂട്ടും. പ്രചാരണച്ചെലവ് കുറയ്ക്കാനും ഇത് ഉപകരിക്കും. ചെറിയ യോഗങ്ങള്‍ക്ക് ഉച്ചഭാഷിണി വേണ്ടെന്നുവയ്ക്കാം. ശബ്ദശല്യം കുറയ്ക്കാം.
ഇ- ചുവരും മലിനമാക്കേണ്ട
നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്തുന്നത് പ്രചാരണം കൂടുതല്‍ ആളുകളില്‍ എത്തിക്കുന്നതിനും ചെലവു കുറയ്ക്കുന്നതിനും സഹായിക്കും. പേപ്പറും പോസ്റ്ററും ഫഌക്‌സും കുറയ്ക്കുന്നതിന് ഇതു സഹായിക്കും. പക്ഷേ, ഇ- ചുവരും മലിനമാക്കാതിരിക്കാം. ആവശ്യത്തിലധികം ശല്യപ്പെടുത്തിയാല്‍ ജനം ബന്ധത്തിന് മുട്ടുണ്ടാക്കും. അല്ലെങ്കില്‍ വായിക്കാതെ പോസ്റ്റുകള്‍ ഒന്നായി നീക്കംചെയ്യും. എതിരാളികളെ ആക്ഷേപിക്കുന്നത് ഈ ചുവരിലാണെങ്കിലും കേസും പുലിവാലും വരും എന്നറിയുക. അമിത വിശേഷണങ്ങള്‍ കണ്ടാല്‍ വായിക്കുന്നവന്‍ പരിഹസിക്കുകയാണ് ചെയ്യുക എന്നതും അറിയണം.
Next Story

RELATED STORIES

Share it