Alappuzha local

തിരഞ്ഞെടുപ്പ്: പ്രകടനങ്ങളും ഉപരോധങ്ങളും നിരോധിച്ചു

ആലപ്പുഴ: നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ്     പ്രഖ്യാപിച്ചതിനാല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ വരുന്ന പ്രവൃത്തികള്‍ നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്നുവെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പുവരുത്തണം.
കലക്‌ട്രേറ്റ് പരിസരത്തും വരണാധികാരിയായി വിജ്ഞാപനം ചെയ്തിട്ടുള്ള ഉദ്യോഗസ്ഥരുടെ ഓഫിസ് പരിസരത്തും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളും ധര്‍ണകളും ഉപരോധങ്ങളും നിരോധിച്ചു. ജില്ലയിലെ പൊതുസ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റു സംഘടനകളോ ബോര്‍ഡുകള്‍, ബാനറുകള്‍ സ്ഥാപിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.
നിലവില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റു സംഘടനകളുടെയും ബോര്‍ഡുകള്‍ അതത് സംഘടനകള്‍ തന്നെ നീക്കണം. അല്ലാത്ത പക്ഷം ജില്ലാ ഭരണകൂടം അത് നീക്കുകയും അതിനുള്ള ചെലവ് ബന്ധപ്പെട്ട സംഘടനകളില്‍ നിന്ന് ഈടാക്കുകയും ചെയ്യും.
തിയ്യതി പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലയിലെ എല്ലാ റിട്ടേണിങ് ഓഫിസര്‍മാരുടെയും ഉപ റിട്ടേണിങ് ഓഫിസര്‍മാരുടെയും തഹസില്‍ദാര്‍മാരുടെയും യോഗം കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ ചേര്‍ന്നിരുന്നു. പോലിസ്, ഫയര്‍ഫോഴ്‌സ്, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, ആര്‍ടിഒ, തപാല്‍, ലീഡ് ബാങ്ക് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ തിരഞ്ഞെടുപ്പു മുന്നൊരുക്കയോഗവും കലക്ടറേറ്റില്‍ ചേരുകയുണ്ടായി.
അതേസമയം വോട്ടിങ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന ഇതിനോടകം ജില്ലയില്‍ പൂര്‍ത്തിയാക്കി. ജില്ലയിലെ 153 ബൂത്തുകളില്‍ പ്രിന്റര്‍ ഘടിപ്പിച്ച വോട്ടിങ് യന്ത്രമാണ് ഉപയോഗിക്കുക. ഇതിനായി 190 യന്ത്രങ്ങള്‍ ഉപയോഗിക്കും. ഇവയുടെ പരിശോധന 10ന് ആരംഭിക്കും.
Next Story

RELATED STORIES

Share it