തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമല്ലെന്ന് ഹൈക്കോടതി

കൊച്ചി: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് അംഗീകരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ക്ഷേമ പദ്ധതി തുക അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാന്‍ പെരുമാറ്റച്ചട്ടം തടസ്സമല്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയ സ്വാധീനമുണ്ടാവാത്ത വിധം റവന്യൂ ഉദ്യോഗസ്ഥര്‍ മുഖേന അര്‍ഹരായ 44,327 പേര്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ച 44.55 കോടി വിതരണം ചെയ്യാമെന്നാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. ചികില്‍സ, ദുരന്തം, പ്രകൃതി നാശം തുടങ്ങിയവ ബാധിച്ചവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള തുകയുടെ 2015 ആഗസ്ത് മുതല്‍ 2016 മാര്‍ച്ച് മൂന്നുവരെയുള്ള ഗഡുക്കള്‍ കൊടുത്തു തീര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
തീരുമാനത്തിന് ഭരണാനുമതി നല്‍കുകയും വിതരണത്തിന് ആവശ്യമായ തുക ജില്ലാ കലക്ടര്‍മാര്‍ക്ക് കൈമാറുകയും ചെയ്തു. പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ തങ്ങള്‍ക്ക് സഹായധനം ലഭിക്കാത്തത് ജീവിതം ദുസ്സഹമാക്കുന്നതായി ചൂണ്ടിക്കാട്ടി ഉപഭോക്താക്കളായ ആലുവ അശോകപുരം സ്വദേശി പി എ പോള്‍ അടക്കമുള്ളവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ക്ഷേമ പദ്ധതിയുടെ ഭാഗമായ തുകയാണ് വിതരണത്തിന് നിശ്ചയിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിശദമായ പരിശോധനയും വിലയിരുത്തലും നടത്തിയാണ് അര്‍ഹരായ ഉപഭോക്താക്കളെ കെണ്ടത്തിയിട്ടുള്ളത്.
പെരുമാറ്റ ചട്ടം നിലവില്‍ വന്നത് മൂലമാണ് തുക വിതരണം ചെയ്യാനാവാത്തതെന്നും വിതരണത്തിന് കോടതി അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ക്ഷേമ പദ്ധതി തുക ലഭിക്കേണ്ട ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് പരിഗണിച്ച കോടതി ഈ തുക പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ തടഞ്ഞുവയ്‌ക്കേണ്ടതില്ലെന്ന് ഉത്തരവിടുകയായിരുന്നു.
Next Story

RELATED STORIES

Share it