kasaragod local

തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ അവധിയില്ല: പ്രതിഷേധവുമായി പോലിസ്

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നതുമുതല്‍ അവധിയില്ലാതെ ജോലിചെയ്യേണ്ടിവരുന്ന പോലിസുകാര്‍ മാനസിക സംഘര്‍ഷത്തില്‍.
കഴിഞ്ഞ രണ്ട് മാസത്തിലേറെയായി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുള്ള പോലിസുകാര്‍ക്കാണ് അവധി പോലും നിഷേധിക്കപ്പെടുന്നത്. കഴിഞ്ഞ 16ന് നടന്ന വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷവും 19ന് വോട്ടെണ്ണലുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷവും മൂലം പോലിസുകാര്‍ക്ക് രാപകല്‍ ഡ്യൂട്ടിയാണ്.
കാഞ്ഞങ്ങാട്, ബേക്കല്‍, ആദൂര്‍, ബദിയടുക്ക, വിദ്യാനഗര്‍, കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ബേഡകം, ചന്തേര, ചീമേനി, അമ്പലത്തറ സ്റ്റേഷനുകളിലെ പോലിസുകാരും ഉദ്യോഗസ്ഥരുമാണ് അവധിയില്ലാതെ ദുരിതമനുഭവിക്കുന്നത്.
വോട്ടെണ്ണലിന് ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിനിടയില്‍ ജില്ലയില്‍ പരക്കെ അക്രമ സംഭവങ്ങളുണ്ടായ സാഹചര്യത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം, ഹൊസ്ദുര്‍ഗ് താലൂക്കുകളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.
ഇവിടങ്ങളില്‍ ക്രമസമാധാന പാലനത്തിന് നിലവിലുള്ള പോലിസ് സംവിധാനം മാത്രമാണുള്ളത്. കാസര്‍കോട് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ കൂഡ്‌ലു, ചൂരി, മീപ്പുഗിരി, ഉളിയത്തടുക്ക, പാറക്കട്ട ഭാഗങ്ങളില്‍ നിരന്തരം സംഘര്‍ഷമാണ്.
സംഘടിച്ചെത്തുന്ന അക്രമി സംഘംവാഹന യാത്രക്കാരേയും കാല്‍നടയാത്രക്കാരേയും അക്രമിക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നുറുകണക്കിന് കേസുകളാണ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. കാഞ്ഞങ്ങാട് മാവുങ്കാലില്‍ ഉ ചന്ദ്രശേഖരനെ അക്രമിച്ച സംഭവവും ഉപ്പള, ഉളിയത്തടുക്ക, കൂഡ്‌ലു, നെല്ലിക്കുന്ന് കടപ്പുറം എന്നിവിടങ്ങളിലുണ്ടായ സാമുദായിക സംഘര്‍ഷങ്ങളും പോലിസിന്റെ ഉറക്കം കെടുത്തുന്നുണ്ട്.
പോലിസിന് അക്രമം നടക്കുന്ന സ്ഥലത്തേക്ക് എത്തിപ്പെടാന്‍ ആവശ്യമായ വാഹന സൗകര്യം പോലും ഇല്ല. രാത്രികാല പട്രോളിങിന് നിയോഗിക്കപ്പെട്ട പോലിസുകാരും ഏറെ ദുരിതമനുഭവിക്കുന്നു. പോലിസ് സേനയില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ഉള്ളവര്‍ തന്നെ ഇരട്ടി ജോലി ചെയ്യേണ്ടിവരുന്നതായി പോലിസുകാര്‍ പറയുന്നു.
പലരും അവധി കിട്ടാതെ നിരന്തരമായ മാനസിക സംഘര്‍ഷത്തിലാണ്. പോലിസുകാരുടെ മക്കളെ സ്‌കൂളുകളില്‍ ചേര്‍ക്കാനുള്ള അവധി പോലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തി ല്‍ പലരും ദീര്‍ഘാവധിയില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്.
Next Story

RELATED STORIES

Share it