kasaragod local

തിരഞ്ഞെടുപ്പ് പരാജയഭീതിയില്‍ യുഡിഎഫും ബിജെപിയും അക്രമം അഴിച്ചുവിടുന്നുവെന്ന്

കാസര്‍കോട്: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉദുമ, മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ യുഡിഎഫും ബിജെപിയും അക്രമം അഴിച്ചുവിട്ടത് പരാജയഭീതിമൂലമാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയും ഉദുമ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയുമായ കെ വി കുഞ്ഞിരാമനെ തെക്കില്‍ പറമ്പ് ജിയുപി സ്‌കൂള്‍ പരിസരത്ത് കല്ലെറിഞ്ഞ് പരിക്കേല്‍പിക്കുകയും ചെയ്തു.
മഞ്ചേശ്വരം ഉപ്പള സ്‌കൂളിലെ ബൂത്തിന് മുന്നില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞമ്പുവിനെയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പി ബി അഹമ്മദിനെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
ഉച്ചയ്ക്ക് ശേഷം ഇതേ സ്ഥലത്ത് വച്ച് പി ബി അഹമ്മദിന്റെ കാര്‍ അടിച്ചു തകര്‍ത്തു. മഞ്ചേശ്വരം കൊടലമുഗറില്‍ എസ്‌വൈഎസ് സോണല്‍ കണ്‍വീനര്‍ അബ്ദുല്‍ ലത്തീഫ് സഅദിയേയും ചെങ്കള എരുതം കടവ് ബൂത്ത് ഏജന്റ് ഉള്‍പ്പെടെ ആറ് പ്രവര്‍ത്തകരെയും, ചേരൂരിലെ ബൂത്ത് ഏജന്റ് അഷറഫ് മധൂര്‍ ഹദ്ദാദ് നഗറിലെ കോടി ഹൗസില്‍ അബൂബക്കര്‍, സാദിഖ് എന്നിവരെ അക്രമിക്കുകയും ചെയ്തു.
ബേത്തൂര്‍പാറ 158ാം നമ്പര്‍ യുഡിഎഫ് ബൂത്ത് ഏജന്റ് മദ്യപിച്ച് ബഹളമുണ്ടാക്കി. തൃക്കരിപ്പൂര്‍ കന്നുവീട് കടപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചില്ലത്ത് അഷറഫ്, ഭാര്യ കെ സുബൈദ എന്നിവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ വീട്ടില്‍ കയറി അക്രമിച്ചു.
ഡിസിസി സെക്രട്ടറിയുടെ മക്കളുടെ നേതൃത്വത്തിലായിരുന്നു അക്രമം. കോണ്‍ഗ്രസ് വലിയ പറമ്പ് മണ്ഡലം സെക്രട്ടറിയായിരുന്നു അഷറഫ്. ഉദുമ കല്ലളിയില്‍ 128ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ പയനിക്കല്‍ രാജീവനെ ബിജെപി സ്ഥാനാര്‍ഥി കെ ശ്രീകാന്തിന്റെ നേതൃത്വത്തില്‍ പൊയ്‌നാച്ചിയില്‍ നിന്നെത്തിയവര്‍ അക്രമിച്ചു. അക്രമം തടയാനെത്തിയ എല്‍ഡിഎഫ് ബൂത്ത് ഏജന്റ് പി മണിയെയും അക്രമിച്ചു.
അക്രമങ്ങളെ കുറിച്ചും കള്ളവോട്ടിനെ കുറിച്ചും പറയുന്ന യുഡിഎഫ്, ബിജെപി നേതാക്കളുടെ അറിവോടെയാണ് ജില്ലയില്‍ പലയിടത്തും അക്രമവും കള്ളവോട്ടും വ്യാപകമായി നടത്തിയതെന്നും നേതാക്കള്‍ ആരോപിച്ചു.
എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പി രാഘവന്‍, പി കരുണാകരന്‍ എംപി, സ്ഥാനാര്‍ഥികളായ സി എച്ച് കുഞ്ഞമ്പു, ഡോ. എ എ അമീന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, സിപിഐ ജില്ലാസെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അസീസ് കടപ്പുറം, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it