Pathanamthitta local

തിരഞ്ഞെടുപ്പ് പരാജയത്തെ ചൊല്ലി അടൂരില്‍ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

അടൂര്‍: തിരഞ്ഞെടുപ്പ് പരാജയത്തെ ചൊല്ലി അടൂരില്‍ നിന്ന് കെപിസിസി നേതൃത്വത്തിന് നേതാക്കളുടെ പരാതി. കെപിസിസി സെക്രട്ടറി പഴകുളം മധു, ഡിസിസി സെക്രട്ടറി പഴകുളം ശിവദാസന്‍, ഡിസിസി ഖജാഞ്ചി തേരകത്ത് മണി, അടൂര്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ ഉമ്മന്‍ തോമസ് എന്നിവര്‍ക്കെതിരേയാണ് പരാതി.
നേതാക്കള്‍ വരുത്തിയ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന് പരാതി നല്‍കിയത്. തോല്‍വിക്ക് അടൂരിലെ കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ഉത്തരവാദികളാണെന്ന് ചുണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മനു തയ്യില്‍, പാര്‍ലമെന്റ് സെക്രട്ടറി ജി മനോജ് എന്നിവരും സുധീരന് പരാതി നല്‍കി. മല്‍സര രംഗത്തു നിന്ന് മാറി നിന്ന് പാര്‍ട്ടിയെ നയിച്ച് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല. ബ്ലോക്ക് പ്രസിഡന്റിന്റെയും കൂട്ടരുടെയും അധികാരമോഹമാണ് പാര്‍ട്ടിയുടെ കനത്ത പരാജയത്തിനു കാരണം. 10 വര്‍ഷത്തിലധികം ബ്ലോക്ക് പ്രസിഡന്റായി തുടരുന്നവര്‍ തല്‍സ്ഥാനം രാജിവെക്കണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കൂടുതല്‍ ഭൂരിപക്ഷം അടൂരിലായിരുന്നു. ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ബ്ലോക്ക് പഞ്ചായത്തിലും എല്ലാ ഗ്രാമപ്പഞ്ചായത്തിലും കോണ്‍ഗ്രസ് തുടര്‍ച്ചയായി ഭരിച്ചിരുന്ന അടൂര്‍ നഗരസഭയിലും പാര്‍ട്ടി പരാജയപ്പെട്ടു.
ഈ നേതൃത്വം തുടര്‍ന്നാല്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും സ്ഥിതി ഇതായിരിക്കും. തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പരാതിയില്‍ നിരത്തുന്നു.
തിരഞ്ഞെടുപ്പില്‍ പെരിങ്ങനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പരിധിയിലെ വാര്‍ഡുകളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഉണ്ടായതെന്നും ഇവിടുത്തെ കോണ്‍ഗ്രസ് നേതൃത്വം രാജവയ്ക്കണമെന്നും ഐഎന്‍ടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി മേലൂട് അഭിലാഷ് ആവശ്യപ്പെട്ടു. പ്രദേശത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രമാദമായ കേസില്‍ ബിജെപി ജില്ലാ പ്രസിഡന്റിനെയും പുലിത്തോല്‍ കേസില്‍ ബിജെപി പ്രവര്‍ത്തകനെയും സംരക്ഷിക്കുന്ന നിലപാടാണ് മണ്ഡലത്തിലെ കെപിസിസി നേതാവ് സ്വീകരിച്ചതെന്ന് അഭിലാഷ് ചൂണ്ടിക്കാട്ടുന്നു.
പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത് നേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ടാണെന്നും അഭിലാഷ് പറയുന്നു. നേതാക്കന്മാരുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് പാര്‍ട്ടിയെ ഉപയോഗപ്പെടുത്തിയതാണ് പെരിങ്ങനാട് മണ്ഡലത്തിലെ പരാജയത്തിനു കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോസ് പെരിങ്ങനാട് ആരോപിച്ചു. അടൂര്‍ നഗരസഭയില്‍ സ്ഥാനങ്ങളിലെത്തുന്നതിന് പരസ്പരം കാലുവാരിയെന്നും ജോസ് കുറ്റപ്പെടുത്തി. ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷനില്‍ പ്രദേശവാസികളായ മഹിള കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കാഞ്ഞത് കടമ്പനാട്, ഏനാത്ത്, ഏറത്ത് മണ്ഡലങ്ങളില്‍ പാര്‍ട്ടിക്കു ദോഷം ചെയ്തത് അന്വേഷണ വിധേയമാക്കണമെന്നും ജോസ് ആവശ്യപ്പെട്ടു.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയും കാലുവാരലുമാണ് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ പരാജയകാരണമെന്ന് കെഎസ്‌യു അടൂര്‍ നിയമസഭ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിനോ പി രാജന്‍ കുറ്റപ്പെടുത്തി. ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെ കുറിച്ച് കെപിസിസി ഉന്നതാധികാര സമിതി അന്വേഷിക്കണമെന്ന് കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it