kasaragod local

തിരഞ്ഞെടുപ്പ് പരാജയം: യുഡിഎഫിലെ ഘടകകക്ഷികള്‍ അന്വേഷിക്കും

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ഓരോ ഘടകകക്ഷിക്കും ഉണ്ടായ പരാജയത്തെ കുറിച്ച് അതത് പാര്‍ട്ടികള്‍ പരിശോധിക്കും. ഇന്നലെ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടന്ന യുഡിഎഫ് ജില്ലാ ലെയ്‌സണ്‍ കമ്മിറ്റിയിലാണ് ഈ തീരുമാനം എടുത്തത്.
ലീഗ് ശക്തികേന്ദ്രമായ എടനീര്‍, ദേലമ്പാടി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ പരാജയവും കാഞ്ഞങ്ങാട് നഗരസഭ, അജാനൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഭരണം നഷ്ടപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ചും പാര്‍ട്ടി സമഗ്രമായി അന്വേഷിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ തേജസിനോട് പറഞ്ഞു.
എടനീര്‍, ദേലമ്പാടി ഡിവിഷനുകളില്‍ ക്രോസ് വോട്ട് വീണതാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പരാജയപ്പെടാന്‍ ഇടയാക്കിയത്. കാഞ്ഞങ്ങാട് നഗരസഭാ ഭരണം ലീഗിന് നഷ്ടപ്പെട്ടെങ്കിലും നഗരസഭയില്‍ പാര്‍ട്ടി ഇപ്പോഴും ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നഗരസഭാ കൗണ്‍സിലില്‍ 11 അംഗങ്ങളാണ് ലീഗിന് ഉണ്ടായത്. ഇപ്രാവശ്യം 10 അംഗങ്ങളെ വിജയിപ്പിക്കാനായി. ഒരിടത്ത് ലീഗ് റിബലും മറ്റൊരു വാര്‍ഡില്‍ നറുക്കെടുപ്പിലൂടെയുമാണ് പാര്‍ട്ടിക്ക് സീറ്റ് നഷ്ടമായത്.
മറ്റൊരു വാര്‍ഡില്‍ ഒരു വോട്ടിനാണ് ലീഗ് സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. അജാനൂര്‍ പഞ്ചായത്ത് ഭരണം നഷ്ടപ്പെടാനിടയായ സാഹചര്യവും പാര്‍ട്ടി വിലയിരുത്തും. കോണ്‍ഗ്രസിന് എണ്‍മകജെ, പനത്തടി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളും പരപ്പ ബ്ലോക്ക് പഞ്ചായത്തുമാണ് നഷ്ടപ്പെട്ടത്. ഇതേ കുറിച്ച് പാര്‍ട്ടി അന്വേഷിക്കും.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം കോണ്‍ഗ്രസിനും സിപിഎമ്മിനുമാണ്.
കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, പനത്തടി, എണ്‍മകജെ പഞ്ചായത്തുകള്‍ നഷ്ടമാവുകയും പരപ്പ ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത് നേതൃത്വത്തിന്റെ പോരായ്മയാണെന്ന് അണികള്‍ ആരോപിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പരാജയങ്ങളെ കുറിച്ച് ബന്ധപ്പെട്ട പാര്‍ട്ടികള്‍ തന്നെ അന്വേഷണം നടത്താന്‍ യുഡിഎഫ് ലെയ്‌സണ്‍ കമ്മിറ്റി തീരുമാനിച്ചത്.
Next Story

RELATED STORIES

Share it