തിരഞ്ഞെടുപ്പ് പരാജയം: കെപിസിസി മേഖലാ സമിതി 22 മുതല്‍

തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം പഠിക്കുന്നതിനായി കെപിസിസി ക്യാംപ് എക്‌സിക്യൂട്ടീവ് നിയോഗിച്ച വസ്തുതാ വിവരശേഖരണ സമിതിയുടെ യോഗം 22ന് ആരംഭിക്കും. ഈ ജില്ലകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കുണ്ടായ പരാജയ കാരണങ്ങളും ഇതുസംബന്ധിച്ച് ലഭിച്ച പരാതികളും അന്വേഷിക്കുന്നതിനാണ് സമിതിയെ നിയോഗിച്ചത്.
സജീവ് ജോസഫാണ് സമിതിയുടെ തലവന്‍. പ്രഫ. ജി ബാലചന്ദ്രന്‍, അബ്ദുല്‍ മുത്തരിഫ് എന്നിവര്‍ അംഗങ്ങളാണ്. തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിയുടെ കീഴ്ഘടങ്ങള്‍ക്ക് വീഴ്ചപറ്റിയിട്ടുണ്ടോയെന്നാവും പ്രധാനമായും പരിശോധിക്കുക. കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത വോട്ടുകള്‍ നഷ്ടപ്പെടാനിടയായതും പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും പരിശോധനയ്ക്ക് വരും. കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തെത്തിയ സ്ഥലങ്ങളില്‍ ബിജെപിക്ക് വോട്ടുവര്‍ധനവുണ്ടായിട്ടുണ്ട്. ഇതെല്ലാം മേഖലാസമിതി പഠനവിധേയമാക്കും.
22ന് കോഴിക്കോട് ജില്ലയിലും 23ന് മലപ്പുറം ജില്ലയിലും 24ന് പാലക്കാട് ജില്ലയിലും അതതു ഡിസിസി ഓഫിസില്‍ വച്ച് രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെ സിറ്റിങ് നടത്തുമെന്ന് സമിതി കണ്‍വീനറും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ സജീവ് ജോസഫ് അറിയിച്ചു. 14 ജില്ലകളിലെ തോല്‍വി പഠിക്കുന്നതിനായി നാലു മേഖലാ സമിതികളെയാണ് നിയോഗിച്ചത്. ഈ സമിതികളുടെ ആദ്യസിറ്റിങ് കഴിഞ്ഞദിവസം ഇന്ദിരാഭവനില്‍ ചേര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it