Idukki local

തിരഞ്ഞെടുപ്പ്: നിലപാട് വ്യക്തമാക്കി ഹൈറേഞ്ച് സംരക്ഷണ സമിതി

തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ നയം വ്യക്തമാക്കി ഹൈറേഞ്ച് സംരക്ഷണ സമിതി.ഇഎസ്എ, പട്ടയ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ സര്‍ക്കാര്‍ വഞ്ചനകള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നു സമിതി അഭിപ്രായപ്പെട്ടു.കാലാവധി തീര്‍ന്നതിനുശേഷവും മെത്രാന്‍ കായല്‍,കരുണ എസ്റ്റേറ്റ് തുടങ്ങി വിവിധ വിഷയങ്ങളില്‍ വിവാദ ഉത്തരവുകള്‍ ഇറക്കുന്നതിന് വൈദഗ്ധ്യം കാട്ടിയ സര്‍ക്കാരിന് കുടിയേറ്റ ജനതയുടെ പട്ടയപ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ താത്പര്യമില്ലാതായി. പട്ടയവും അനുബന്ധ കര്‍ഷക ഭൂ പ്രശ്‌നങ്ങളുമാണ് ഇക്കുറിയും ജനങ്ങള്‍ ചര്‍ച്ചചെയ്യുക.
പട്ടയം എന്ന ആവശ്യം ഉയര്‍ത്തി നിരവധി സമരങ്ങളും ചര്‍ച്ചകളും നടത്തിയെങ്കിലും ഇക്കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നഗ്നമായ വാഗ്ദാന ലംഘനമാണ് നടത്തിയിരിക്കുന്നത്.ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും പട്ടയം എന്ന പ്രഖ്യാപനവുമായി വന്ന സര്‍ക്കാര്‍ ഈ പ്രശ്‌നം സമയബന്ധിതമായി പരിഹരിക്കുന്നതിന് ആത്മാര്‍ഥത കാണിച്ചില്ല. തുടരെ ഇറക്കിയ ഉത്തരവുകളിലെ പുതിയ നിബന്ധനകള്‍ വഴി വലിയൊരു ജനവിഭാഗത്തിന് പട്ടയം നിഷേധിച്ചു.
കൊടുത്ത പട്ടയങ്ങളില്‍ 16 ഉപാധികള്‍ വച്ചിരിക്കുന്നതിനാല്‍ അതിന്റെ പ്രയോജനം ഉടമസ്ഥര്‍ക്ക് ലഭിക്കുന്നില്ല.പട്ടയ ഭൂമിയുടെ സ്റ്റാറ്റസ് റിസര്‍വ്വ് വനത്തിന്റേതാണെന്ന് പ്രസ്താവിച്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം കൊടുത്ത് മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചു.പത്തു ചെയിന്‍ മേഖല,അലോട്ട്‌മെന്റ് 'ഭൂമി,ആദിവാസി സെറ്റില്‍മെന്റ്,ഷോപ്പ് സൈറ്റ് തുടങ്ങിയ പട്ടയത്തിനായി കാത്തിരിക്കുന്ന വിവിധ മേഖലകള്‍ പാടെ അവഗണിക്കപ്പെട്ടു ഗാഡ്ഗില്‍ -കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടു പ്രകാരം ഇടുക്കിയിലെ 47 വില്ലേജുകള്‍ ഇഎസ്എ ആയി പ്രഖ്യാപിച്ചു.ഇത് ഇവിടുത്തെ ജനങ്ങളുടെ അതിജീവനത്തിന് ഭീഷണിയാണ്.
തുടരെ പ്രക്ഷോഭങ്ങള്‍ നടന്നിട്ടും ജനവാസകേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ എന്നിവ ഇഎസ്എയില്‍ നിന്ന് ഒഴിവാക്കിയില്ല.പുതിയ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം വ്യക്തമായ ഭൂപടവും രേഖകളും നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തി.
എന്നാല്‍ കോട്ടയം ജില്ലയിലെ നാലു വില്ലേജുകള്‍ മാത്രം ഒഴിവാക്കുന്നതിന് ശുപാര്‍ശ നല്‍കി.ജില്ലയിലെ നൂറുകണക്കിന് കുടുംബങ്ങളുടെ കൈവശഭൂമി ഇഎഫ്എല്‍ നിയമപ്രകാരം ഏറ്റെടുത്തിരിക്കുകയാണ്. ഇത് തിരിച്ചു നല്‍കാമെന്ന് പ്രഖ്യാപിച്ചതല്ലാതെ നടപടികള്‍ ഉണ്ടായില്ല. ഇത്തരത്തില്‍ ദ്രോഹിച്ച യുഡിഎഫ് സര്‍ക്കാരിനെതിരെ മലയോര മേഖലയില്‍ ഇലക്ഷനില്‍ ശക്തമായ ജനവികാരം ഉണ്ടാകും.യുഡിഎഫ് മുന്നണിയിലെ ഒരു രാഷ്ട്രീയ കക്ഷിയും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത പുലര്‍ത്തിയില്ലെന്നത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.
പ്രാദേശിക സമിതികളും സമതിയുടെ പ്രവര്‍ത്തകരും ഈ വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാക്കുമെന്ന് കട്ടപ്പന ലയണ്‍സ് ക്ലബ്ബ് ഹാളില്‍ കൂടിയ സമിതിയുടെ ജനറല്‍ ബോഡി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.രക്ഷാധികാരികളായ ആര്‍ മണികുട്ടന്‍, സി.കെ. മോഹനന്‍, മൗലവി മുഹമ്മദ് റഫീക്ക് അല്‍ ഖൗസരി, കെ.കെ.ദേവസ്യ, സെക്രട്ടറി ജോസ് കുഴിപ്പിള്ളില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it