തിരഞ്ഞെടുപ്പ് നിരീക്ഷണസമിതി ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ജില്ലാതല തിരഞ്ഞെടുപ്പ് നിരീക്ഷണസമിതികള്‍ സാമ്പത്തികക്രമക്കേട് നടത്തിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലയിലെ നിരീക്ഷണസമിതി 8 കോടിയോളം രൂപയുടെ അഴിമതി നടത്തിയെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശിയായ പായ്ച്ചിറ നവാസ് നല്‍കിയ കേസിലാണ് തിരുവനന്തപുരം വിജിലന്‍സ് ആന്റ് സ്‌പെഷ്യല്‍ ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ക്വിക് വെരിഫിക്കേഷന്‍ നടത്തി അന്വേഷണറിപോര്‍ട്ട് ഹാജരാക്കണമെന്നാണ് നിര്‍ദേശം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ധൂര്‍ത്തും അഴിമതിയും കണ്ടുപിടിക്കുന്നതിനായി 14 ജില്ലകളിലും ജില്ലാ കലക്ടര്‍മാര്‍ ചെയര്‍മാനായിട്ടുള്ള നിരീക്ഷണസമിതികളെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഓരോ ചെയര്‍മാന്റെയും കീഴില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുള്‍പ്പെടുന്ന 20 ഓളം പ്രത്യേക ടീമുകളാണുണ്ടായിരുന്നത്.
തിരുവനന്തപുരം ജില്ലയിലെ ഇത്തരത്തിലുള്ള നിരീക്ഷണസമിതി 11.5 കോടി രൂപയാണ് ചെലവാക്കിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു തിരഞ്ഞെടുപ്പ് നിരീക്ഷണത്തിനായുള്ള ജില്ലാസമിതി ഇത്രയും തുക പൊതുഖജനാവില്‍നിന്ന് ചെലവാക്കിയിട്ടില്ലെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ബാക്കി 13 ജില്ലകളിലും ചെലവാക്കിയ തുക ഒരുകോടിക്കും മൂന്നുകോടി—ക്കും ഇടയിലാണ്. നേരത്തേ ജില്ലാ കലക്ടര്‍ക്ക് എഡിഎം നല്‍കിയ റിപോര്‍ട്ടില്‍ ക്രമക്കേട് നടന്നതായി വ്യക്തമാക്കിയിരുന്നു. മൂന്നുതവണ വിശദമായ വാദം കേട്ട ജഡ്ജി ലീഗല്‍ അഡൈ്വസറോട് അഭിപ്രായം ചോദിച്ചപ്പോള്‍ അഴിമതിയില്ലെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കില്‍ എഡിഎമ്മിന്റെ അന്വേഷണറിപോര്‍ട്ടെങ്ങനെ വന്നുവെന്ന് വിജിലന്‍സ് ജഡ്ജി തിരിച്ചുചോദിച്ചു.
Next Story

RELATED STORIES

Share it