തിരഞ്ഞെടുപ്പ് ജോലി: സ്ത്രീകള്‍ക്ക് വീടിനടുത്ത് ബൂത്ത് അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സ്ത്രീകളെ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുമ്പോള്‍ കഴിയുന്നതും വീടിനടുത്തുള്ള ബൂത്ത് അനുവദിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പരിമിത സൗകര്യങ്ങളുള്ള ബൂത്തുകളില്‍ സ്ത്രീകളെ പോളിങ് ഓഫിസര്‍മാരാക്കരുതെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. ബൂത്തുകളായി നിശ്ചയിക്കുന്ന കെട്ടിടങ്ങളില്‍ ഒരു വനിതാ ഓഫിസര്‍ മുന്‍കൂര്‍ പരിശോധന നടത്തി സൗകര്യങ്ങള്‍ ഉറപ്പാക്കുന്നത് അഭികാമ്യമാണെന്നും ഉത്തരവില്‍ പറയുന്നു.
തദ്ദേശസ്ഥാപനങ്ങളിലേക്കു കഴിഞ്ഞവര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ പട്ടാഴി ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ജോലിക്കു നിയോഗിക്കപ്പെട്ട അധ്യാപികയായ ടി എസ് അനിത സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഒരു കശുവണ്ടി ഫാക്ടറിയെയാണ് ബൂത്താക്കി മാറ്റിയത്. ബൂത്തിലെ വൃത്തിഹീനമായ അന്തരീക്ഷം തന്നെ രോഗിയാക്കിയെന്നാണു പരാതി. പ്രസ്തുത കശുവണ്ടി ഫാക്ടറി ഭാവിയില്‍ ബൂത്തായി തിരഞ്ഞെടുക്കില്ലെന്ന് ജില്ലാ കലക്ടര്‍ കമ്മീഷനെ അറിയിച്ചിരുന്നു. വനിതാ പോളിങ് ഓഫിസര്‍മാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും ജില്ലാ ഭരണകൂടം ശ്രദ്ധിക്കണമെന്നും കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it