kasaragod local

തിരഞ്ഞെടുപ്പ് ചെലവ്; സ്ഥാനാര്‍ഥികള്‍ക്ക് കര്‍ശന നിര്‍ദേശം

കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി. സ്ഥാനാര്‍ഥി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ദിവസം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള ദിവസങ്ങളില്‍ സ്ഥാനാര്‍ഥിയോ, ഏജന്റോ, സ്ഥാനാര്‍ഥിക്കുവേണ്ടി മറ്റാരെങ്കിലും ചെലവഴിക്കുന്ന തുകയാണ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ്. ഗ്രാമ,ബ്ലോക്ക്, ജില്ലാപഞ്ചായത്ത്, നഗരസഭ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ക്ക് യഥാക്രമം 10000, 30000, 60000, 60000 രൂപയാണ് പരമാവധി ചെലവഴിക്കാവുന്ന തുക. ഫലപ്രഖ്യാപനം മുതല്‍ 30 ദിവസത്തിനകം വിശദവും കൃത്യവുമായ തിരഞ്ഞെടുപ്പ് കണക്ക്, രശീത്, വൗച്ചര്‍, ബില്ല് എന്നിവയുടെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കണം.
വരണാധിയുടെ പക്കല്‍ നിന്നും ലഭിക്കുന്ന ഫോറത്തിലാണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്. ചെലവാക്കുന്നതിലും എഴുതുന്നതിലും സമര്‍പ്പിക്കുന്നതിലും പിഴവ് വരുത്തുന്ന സ്ഥാനാര്‍ഥിയെ അഞ്ചു വര്‍ഷത്തേക്ക് കമ്മീഷന്‍ അയോഗ്യനായി പ്രഖ്യാപിക്കാം. സ്ഥാനാര്‍ഥി നല്‍കുന്ന കണക്കുകള്‍ അഞ്ചു രൂപ ഫീസടച്ച് അപേക്ഷിക്കുന്ന ആര്‍ക്കും പരിശോധിക്കാം. 25 രൂപ ഫീസ് നല്‍കുന്നവര്‍ക്ക് കണക്കിന്റെ ഭാഗികമായോ പൂര്‍ണ്ണമായോ ഉള്ള പകര്‍പ്പും നല്‍കും. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏത് തീയതിയിലും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ കമ്മീഷന്‍ നിയോഗിക്കുന്ന നിരീക്ഷകനോ കണക്കുകള്‍ പരിശോധിക്കാം.
സ്ഥാനാര്‍ഥിയുടെ വാഹനങ്ങള്‍, നോട്ടീസുകള്‍, ചുമര്‍പരസ്യങ്ങള്‍, ബാനറുകള്‍, കമാനങ്ങള്‍, യോഗങ്ങള്‍ എന്നിവയുടെ ചെലവുകള്‍ നിരീക്ഷകന്‍ അന്വേഷിക്കുമ്പോള്‍ സ്ഥാനാര്‍ഥിയോ ഏജന്റോ ഹാജരാക്കണം. സ്ഥാനാര്‍ഥിക്കുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികളോ ഗുണകാംക്ഷികളോ ചെലവാക്കുന്ന തുക ചെലവാക്കിയവര്‍ തന്നെ പേരും വിശദവിവരങ്ങളും അടക്കം ഉടനെ വരണാധികാരിയെ അറിയിക്കണം. സ്ഥാനാര്‍ഥി ഇവയുടെ വിശദവിവങ്ങള്‍ സൂക്ഷിച്ചുവെക്കണം. കാസര്‍കോട്, കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്കുകളിലെയും കാസര്‍കോട് നഗരസഭയിലേയും സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് വിവരങ്ങളുടെ നിരീക്ഷകനായി കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ജോയിന്റ് ഡയറക്ടര്‍ എം സനല്‍കുമാറിനെയും കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ ബ്ലോക്കുകളിലേക്കും കാഞ്ഞങ്ങാട് നീലേശ്വരം നഗരസഭകളിലേക്കുമായി നിരീക്ഷകനായി കാസര്‍കോട് ജില്ലാ ഓഡിറ്റ് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി എന്‍ മധുസൂദനനെയുമാണ് നിയമിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് സംബന്ധമായ സാമ്പത്തിക കാര്യങ്ങളില്‍ പരാതിയുണ്ടെങ്കില്‍ ഒബ്‌സര്‍വര്‍മാരെ വിവരമറിയിക്കാം. ഫോണ്‍ 9400906676 (കാസര്‍കോട്), 9446651351(കാഞ്ഞങ്ങാട്).
Next Story

RELATED STORIES

Share it