malappuram local

തിരഞ്ഞെടുപ്പ് ചെലവ്; ഫലപ്രഖ്യാപനം മുതല്‍ 30 ദിവസത്തിനകം കണക്കുകള്‍ നല്‍കണം

മലപ്പുറം: ഫലപ്രഖ്യാപനം മുതല്‍ 30 ദിവസത്തിനകം സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകളുടെ വിശദവും കൃത്യവുമായ കണക്ക് രശീത്, വൗച്ചര്‍, ബില്ല് എന്നിവയുടെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട അധികാരിക്ക് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ പറഞ്ഞു.
ഗ്രാമപ്പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്ഥാനാര്‍ഥികള്‍ ജില്ലാ കലക്ടര്‍ക്കുമാണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്.
വരണാധികാരിയില്‍ നിന്നു ലഭിക്കുന്ന നിശ്ചിത ഫോമിലാണ് കണക്കുകള്‍ എഴുതി സൂക്ഷിക്കേണ്ടത്. സ്ഥാനാര്‍ഥികള്‍ തന്നെയാണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്. കണക്ക് സമര്‍പ്പിച്ചതിന് തെളിവായി ബന്ധപ്പെട്ട അധികാരികളില്‍നിന്നു തിയ്യതിയും മുദ്രയുമുള്ള രശീതുകള്‍ വാങ്ങി സൂക്ഷിക്കണം.
ചെലവാക്കുന്നതിലും എഴുതുന്നതിലും സമര്‍പ്പിക്കുന്നതിലും പിഴവുകള്‍ വരുത്തുന്ന സ്ഥാനാര്‍ഥിയെ അഞ്ചു വര്‍ഷത്തേയ്ക്ക് കമ്മീഷന് അയോഗ്യനായി പ്രഖ്യാപിക്കാം. നിയമവിരുദ്ധമായ ചെലവുകളുമായി ബന്ധപ്പെട്ടുള്ള എല്ലാ പരാതികളും കമ്മീഷനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ചെലവ് നിരീക്ഷകനും അന്വേഷിക്കും.
പണത്തിന്റെ അമിതമായ സ്വാധീനം തിരഞ്ഞെടുപ്പില്‍ ഒഴിവാക്കുന്നതിനായി നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it