kozhikode local

തിരഞ്ഞെടുപ്പ് ചെലവ്; കര്‍ശന നിരീക്ഷണവുമായി കമ്മീഷന്‍

കോഴിക്കോട്:  നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ക്കുണ്ടാവുന്ന ചെലവുകള്‍ കര്‍ശനമായി നിരീക്ഷിച്ച് റിപോര്‍ട്ട് ചെയ്യാന്‍ തിരഞ്ഞടുപ്പ് കമ്മീഷന്‍ നിര്‍ദേശം.
ഓരോ സ്ഥാനാര്‍ഥിക്കും അനുവദിക്കപ്പെട്ട പരമാവധി ചെലവ് സംഖ്യയായ 28 ലക്ഷത്തിന് മുകളില്‍ ചെലവ് വരുത്തുന്നവര്‍ക്കെതിരേ അയോഗ്യതയുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് കമ്മീഷന്‍ തീരുമാനം. ഇക്കാര്യം വ്യക്തമായി നിരീക്ഷിച്ച് സമയാസമയങ്ങളില്‍ റിപോര്‍ട്ട് ചെയ്യണമെന്ന് ചെലവ് നിരീക്ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ദിവസം വരെയുള്ള ചെലവുകളാണ് ഓരോ മണ്ഡലങ്ങളിലേക്കും നിയോഗിക്കപ്പെട്ട അസിസ്റ്റന്റ് ചെലവ് നിരീക്ഷകരുടെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷണ വിധേയമാക്കുക. ഇതിന്റെ ഭാഗമായി എല്ലാ സ്ഥാനാര്‍ഥികളുടെയും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ വീഡിയോയില്‍ പകര്‍ത്തി റേറ്റ് ചാര്‍ട്ട് പ്രകാരമുള്ള നിരക്കനുസരിച്ചുള്ള തുക ഷാഡോ ഓബ്‌സര്‍വേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തും.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം  സ്ഥാനാര്‍ഥികള്‍ നല്‍കുന്ന ചെലവ് രജിസ്റ്ററുമായി ഇവ തട്ടിച്ചുനോക്കി അപാകതകള്‍ കമ്മീഷന്‍ മുമ്പാകെ ചൂണ്ടിക്കാട്ടുകയാണ് ചെയ്യുക. ഓരോ ദിവസവും സ്ഥാനാര്‍ഥികള്‍ തങ്ങളുടെ ചെലവ് രജിസ്റ്റര്‍ തയ്യാറാക്കാനും കമ്മീഷന്‍ നിര്‍ദേശമുണ്ട്. പ്രചാരണ പരിപാടികള്‍ വീഡിയോയില്‍ പകര്‍ത്തുന്നതിനുള്ള വീഡിയോ സര്‍വൈലന്‍സ് ടീം, അവ പരിശോധിക്കുന്നതിനുള്ള വീഡിയോ വ്യൂവിങ് ടീം, വീഡിയോകള്‍ പ്രകാരമുള്ള ചെലവുകള്‍ കണക്കാക്കി ഷാഡോ ഒബ്‌സര്‍വേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിനുള്ള അക്കൗണ്ടിങ് ടീം എന്നിവ ഇതിനകം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
സ്ഥാനാര്‍ഥികള്‍ നടത്തുന്ന റാലികള്‍, പോസ്റ്റര്‍ പ്രചാരണങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവയ്ക്കു പുറമെ, നവമാധ്യമങ്ങളിലുള്‍പ്പെടെ വരുന്ന പരസ്യങ്ങളും ചെലവിന്റെ പരിധിയില്‍ വരും. സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന ഷോട്ട് ഫിലിമുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയുടെ ചെലവും സ്ഥാനാര്‍ഥിയുടെ അക്കൗണ്ടിലാണ് ചേര്‍ക്കുക.
പ്രധാനമന്ത്രി, മുഖ്യമന്ത്രി, ദേശീയ നേതാക്കള്‍ തുടങ്ങി സ്റ്റാര്‍ കാംപയിനര്‍മാരെ പങ്കെടുപ്പിച്ച് നടത്തുന്ന പ്രചാരണ പരിപാടികളില്‍ അവരുടെ യാത്രയുമായി ബന്ധപ്പെട്ട ചെലവ് സ്ഥാനാര്‍ഥിയുടെ ചെലവില്‍ വരില്ല. എന്നാല്‍ സ്റ്റാര്‍ കാംപയിനര്‍ക്കൊപ്പം വേദി പങ്കിടുന്ന സ്ഥാനാര്‍ഥിയാണ് പൊതുയോഗങ്ങള്‍, റാലികള്‍ തുടങ്ങിയവയുടെ ചെലവ് വഹിക്കേണ്ടത്. ഇതിനു പുറമെ, അനധികൃതമായി പണം, പാരിതോഷികം, മദ്യം തുടങ്ങിയവ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നടത്തുന്ന ശ്രമങ്ങളും നിരീക്ഷണ വിധേയമാവും. ഇവ കണ്ടെത്തുന്നതിനായുള്ള ഫഌയിങ് സ്‌ക്വാഡുകളും ജില്ലയില്‍ സജീവമാണ്. ഇവ കണ്ടെത്തുന്ന പക്ഷം അതിന്റെ ചെലവുകളും സ്ഥാനാര്‍ഥികളുടെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it