തിരഞ്ഞെടുപ്പ് ചെലവ്: കണക്കുകള്‍ ഡിസംബര്‍ 7നകം നല്‍കണം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പിനു വിനിയോഗിച്ച തുകയുടെ വിവരങ്ങള്‍ ഡിസംബര്‍ 7നകം നല്‍കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ അറിയിച്ചു. ഗ്രാമപ്പഞ്ചായത്തില്‍ മല്‍സരിച്ചവര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്ക് പഞ്ചായത്തില്‍ മല്‍സരിച്ചവര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തലങ്ങളില്‍ മല്‍സരിച്ചവര്‍ ജില്ലാ കലക്ടര്‍ക്കുമാണ് കണക്ക് നല്‍കേണ്ടത്.
ഗ്രാമപ്പഞ്ചായത്ത് 10,000 രൂപ, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ 30,000 രൂപ, ജില്ലാ പഞ്ചായത്ത,് കോര്‍പറേഷന്‍ 60,000 രൂപ എന്നിങ്ങനെയാണ് പരമാവധി ചെലവാക്കാവുന്ന തുക. സ്ഥാനാര്‍ഥിയോ ഏജന്റോ സ്ഥാനാര്‍ഥിക്കു വേണ്ടി മറ്റാരെങ്കിലുമോ ചെലവാക്കിയ തുകയും കണക്കില്‍പ്പെടുത്തണം. സ്ഥാനാര്‍ഥി നാമനിര്‍ദേശം ചെയ്യപ്പെട്ട ദിവസം മുതല്‍ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവു കണക്കാണു നല്‍കേണ്ടത്. കണക്കിനൊപ്പം രശീതി, വൗച്ചര്‍, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും നല്‍കണം. അവയുടെ ഒറിജിനല്‍ സ്ഥാനാര്‍ഥി സൂക്ഷിക്കുകയും ആവശ്യപ്പെടുന്നപക്ഷം പരിശോധനയ്ക്കായി നല്‍കുകയും വേണം. സ്ഥാനാര്‍ഥികള്‍ എന്‍ 30 ഫോറത്തിലാണ് കണക്ക് നല്‍കേണ്ടത്. തിരഞ്ഞെടുപ്പ് ചെലവു കണക്ക് നല്‍കുന്നതില്‍ വീഴ്ചവരുത്തുന്നവരെ കമ്മീഷന്‍ അഞ്ചു വര്‍ഷത്തേക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് അയോഗ്യരാക്കും. നിശ്ചിത പരിധിയില്‍ കൂടുതല്‍ തുക ചെലവാക്കിയാലും തെറ്റായ വിവരമാണ് നല്‍കിയതെന്നു ബോധ്യപ്പെട്ടാലും അയോഗ്യത കല്‍പ്പിക്കും. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായവരില്‍ 11000ത്തോളം പേര്‍ക്ക് അയോഗ്യത കാരണം ഇത്തവണ മല്‍സരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഡിസംബര്‍ 7നകം കണക്ക് സമര്‍പ്പിച്ചെന്ന് സ്ഥാനാര്‍ഥികളും രാഷ്ട്രീയകക്ഷികളും ഉറപ്പുവരുത്തണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it