malappuram local

തിരഞ്ഞെടുപ്പ് ചെലവുകള്‍ അതത് ദിവസം രേഖപ്പെടുത്തണം: കേന്ദ്ര നിരീക്ഷകര്‍

മലപ്പുറം: തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ദിനേനയുള്ള ചെലവുകള്‍ അതത് ദിവസം തന്നെ നിര്‍ദിഷ്ട അക്കൗണ്ട് ബുക്കില്‍ രേഖപ്പെടുത്തണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവ് നിരീക്ഷകര്‍ നിര്‍ദേശിച്ചു.
ഒരു ദിവസം ചെലവുകളൊന്നുമില്ലെങ്കില്‍ ഇല്ല എന്ന് രേഖപ്പെടുത്തണം.പിന്നീട് അക്കൗണ്ടില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താന്‍ പാടില്ലെന്നും നിരീക്ഷകര്‍ നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ എസ് വെങ്കടേശപതിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന ജില്ലയിലെ അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര നിരീക്ഷകരായ അമിത് ദൊരെരാജു, രവീന്ദ്ര ബെനകടി, സഞ്ജയ് ദിവാരെ, അലോക് ശ്രീവാസ്തവ എന്നിവര്‍. നാമനിര്‍ദേശ പത്രിക നല്‍കുന്ന വേളയില്‍ സ്ഥാനാര്‍ഥികള്‍ക്കുള്ള രജിസ്റ്ററുകള്‍ ബന്ധപ്പെട്ട് വരണാധികാരികള്‍ ഒപ്പിട്ട് നല്‍കും.
ഈ രജിസ്റ്ററുകളിലാണ് കണക്കുകള്‍ സൂക്ഷിക്കേണ്ടത്. സ്ഥാനാര്‍ഥികള്‍ സൂക്ഷിക്കുന്ന കണക്കുകള്‍ ഉദ്യോഗസ്ഥരുടെ കൈവശമുള്ള ഷാഡോ രജിസ്റ്ററുകളുമായി ഒത്തുനോക്കും. വ്യത്യാസമുണ്ടെങ്കില്‍ തിരുത്തല്‍ വരുത്തുന്നതിനായി സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കും.
പത്രികാ സമര്‍പ്പണവും പിന്‍വലിക്കലും പൂര്‍ത്തിയായ ശേഷം മെയ് നാല്, എട്ട്, 12 എന്നീ തിയ്യതികളില്‍ നിരീക്ഷകരോ അസിസ്റ്റന്റ് നിരീക്ഷകരോ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരോ സ്ഥാനാര്‍ഥികളുടെ അക്കൗണ്ടുകള്‍ പരിശോധിക്കും.
Next Story

RELATED STORIES

Share it