Alappuzha local

തിരഞ്ഞെടുപ്പ് ചൂടേറി

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെ മേടച്ചൂടിനൊപ്പം തിരഞ്ഞെടുപ്പ് രംഗവും ചൂടേറി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടതുവലത് മുന്നണികളിലെ പ്രമുഖ നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ ജില്ലയിലെത്തും.
കുട്ടനാട് മണ്ഡലത്തിലെ ബിജെഡിഎസ് സ്ഥാനാര്‍ഥി സുഭാഷ് വാസുവിന്റെ പ്രചരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി കുട്ടനാട്ടിലെത്തുമെന്ന് സൂചന. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനെത്തിയിരുന്നു. രണ്ടാംഘട്ട പ്രചാരണത്തിനായി വീണ്ടും എത്തുമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് വി എം സുധീരനും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുകയുണ്ടായി.
ഇടതു നേതാക്കളായ വി എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ജില്ലയിലെത്തും. ഇവര്‍ക്ക് പുറമേ പിണറായി വിജയന്‍കൂടി എത്തുന്നതോടെ തിരഞ്ഞെടുപ്പ് രംഗത്ത് ചൂടേറും. ഇടത് വലത് മുന്നണികളുടെ ദേശീയ നേതാക്കള്‍ വരും ദിവസങ്ങളില്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദി കുട്ടനാട്ടില്‍ പ്രചാരണത്തിനെത്തിയാല്‍ ജില്ലയുടെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നായി കുട്ടനാട് മാറും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, വിവിധ കേന്ദ്രമന്ത്രിമാര്‍, സിനിമ, സാമൂഹിക രംഗത്തെ ബിജെപി സഹയാത്രികര്‍ എന്നിവരും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.
മെയ് 16 നാണ് തിരഞ്ഞെടുപ്പ്. അടുത്ത 22 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനമെത്തും. 29 ന് പത്രിക സമര്‍പ്പണം അവസാനിക്കും. ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയ മുന്നണിസ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ രണ്ടാംഘട്ട പ്രചാരണ പ്രവര്‍ത്തനം ആരംഭിച്ചു. എസ്ഡിപിഐ സംസ്ഥാന ദേശീയ നേതാക്കള്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു അണിനിരക്കും.
Next Story

RELATED STORIES

Share it