തിരഞ്ഞെടുപ്പ് ചിഹ്നം സന്ദേശമയക്കല്‍: ക്രമിനല്‍ നടപടി റദ്ദാക്കി

കൊച്ചി: കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം സന്ദേശമായി വോട്ടര്‍മാര്‍ക്ക് അയച്ചുകൊടുക്കുന്നതിന് കരാര്‍ ഏറ്റെടുത്ത വ്യക്തിക്കെതിരേയുള്ള ക്രമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. കരാര്‍ ലംഘനം നടത്തിയതിനാല്‍ മൂന്നര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയതായി ചൂണ്ടിക്കാട്ടി കെപിസിസി സെക്രട്ടറി ബി ചന്ദ്രശേഖരന്‍ ഉണ്ണിത്താന്‍ നല്‍കിയ കേസിലെ ക്രമിനല്‍ നടപടികളാണ് ജസ്റ്റിസ് ബി കെമാല്‍പാഷ റദ്ദാക്കിയത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി പരശുറാമിനെതിരേ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ചിഹ്നം വോട്ടര്‍മാരുടെ ഫോണിലേക്ക് സന്ദേശമായി അയക്കാനാണ് പരശുറാമിനെ ഏല്‍പിച്ചത്. അയച്ച സന്ദേശങ്ങള്‍ വ്യക്തമായിരുന്നില്ലെന്നും അതിനാല്‍ തങ്ങള്‍ക്ക് നഷ്ടം സംഭവിച്ചതായും ചൂണ്ടിക്കാട്ടിയാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. എന്നാല്‍, താന്‍ ഒരു കോടിയിലധികം സന്ദേശങ്ങള്‍ അയച്ചതായാണ് ഹരജിക്കാരന്റെ വാദം. ഇരുവരുടെയും വാദം കേട്ട കോടതി ഇത് ക്രമിനല്‍ സ്വഭാവമുള്ള കേസല്ലെന്നും അതിനാല്‍ ഹരജിക്കാരനെതിരേയുള്ള ക്രമിനല്‍ നടപടികള്‍ റദ്ദാക്കുന്നതായും ഉത്തരവിട്ടു.
Next Story

RELATED STORIES

Share it