തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; തമിഴ്‌നാട്ടില്‍ മല്‍സരരംഗത്ത് 3800ലധികം സ്ഥാനാര്‍ഥികള്‍

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ജെ ജയലളിതയും ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുമടക്കം 3800ലധികം സ്ഥാനാര്‍ഥികളാണ് ഇത്തവണ മല്‍സരരംഗത്തുണ്ടാവുക.
300ലധികം സ്ഥാനാര്‍ഥികളാണ് ഇന്നലെ പത്രിക പിന്‍വലിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആകെ 7,151 സ്ഥാനാര്‍ഥികളായിരുന്നു സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ഏപ്രില്‍ 30ന് നടന്ന സൂക്ഷ്മപരിശോധനയില്‍ ഇവയില്‍ 4,128 പത്രികകള്‍ക്കു കമ്മീഷന്‍ അംഗീകാരം നല്‍കി. 3400ലധികം പുരുഷന്മാരും 320 സ്ത്രീകളും മറ്റു ലിംഗ വിഭാഗങ്ങളില്‍ നിന്നുള്ള രണ്ടുപേരുമാണ് ഇത്തവണ ജനവിധി തേടുന്നത്.
ആര്‍കെ നഗര്‍ മണ്ഡലത്തില്‍ നിന്നു ജയലളിതയും തിരുവാരൂറില്‍ നിന്നു കരുണാനിധിയും ജനവിധി തേടും. വിജയ്കാന്ത് (ഉലുന്തുര്‍പേട്ട്), എം കെ സ്റ്റാലിന്‍ (കൊളത്തൂര്‍), അന്‍പുമണി രാംദോസ് (പെണ്‍നഗരം), എന്നിവയാണ് മറ്റു പ്രമുഖ സ്ഥാനാര്‍ഥികളുടെ മണ്ഡലങ്ങള്‍. ഈമാസം 16നാണ് തിരഞ്ഞെടുപ്പ്.
അതെസമയം, കഴിഞ്ഞദിവസം പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ച പുതുച്ചേരിയില്‍ 97 സ്വതന്ത്രരടക്കം 344 പേരാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. ഇന്നലെ 22 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതായി പുതുച്ചേരി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വി കാന്ത വേലു അറിയിച്ചു. സ്ഥാനാര്‍ഥികളില്‍ 322 പേര്‍ പുരുഷന്‍മാരും 21 പേര്‍ സ്ത്രീകളും ഒരാള്‍ മറ്റു ലിംഗ വിഭാഗത്തില്‍ നിന്നുള്ളയാളുമാണ്. ഔള്‍ഗാരറ്റ് മണ്ഡലത്തില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നത്. 17 പേര്‍. 8 പേര്‍ മാത്രം മല്‍സര രംഗത്തുള്ള കാരയ്ക്കല്‍ നോര്‍ത്തിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍. കേരളത്തിനും തമിഴ്‌നാടിനുമൊപ്പം ഈമാസം 16നു തന്നെയാണ് പുതുച്ചേരിയിലും തിരഞ്ഞെടുപ്പ്.
Next Story

RELATED STORIES

Share it