Thrissur

തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; ജില്ലയില്‍ ആകെ 7045 സ്ഥാനാര്‍ഥികള്‍

തൃശൂര്‍: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയിലാകെ 7045 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്ത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ തിരഞ്ഞെടുപ്പു ചിത്രത്തിനു കൂടുതല്‍ വ്യക്തത കൈവന്നു. ആകെയുള്ള സ്ഥാനാര്‍ഥികളില്‍ 3456 പേര്‍ പുരുഷന്മാരും 3589 പേര്‍ സ്ത്രീകളുമാണ്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ രംഗത്തുള്ളത് ഗ്രാമപ്പഞ്ചായത്തുകളിലേക്കാണ്- 2484 പുരുഷന്മാരും 2579 സ്ത്രീകളും ഉള്‍പെടെ 5063 പേര്‍. ഏഴ് മുനിസിപ്പാലിറ്റികളിലേക്കായി 944 പേരാണു മല്‍സരിക്കുന്നത്- 467 പുരുഷന്മാരും 477 സ്ത്രീകളും.

ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്തുകളിലെ വിവിധ ഡിവിഷനുകളിലേക്കായി 687 സ്ഥാനാര്‍ഥികളാണ് അവസാന റൗണ്ടില്‍ അവശേഷിക്കുന്നത്. ഇവരില്‍ 338 പേര്‍ പുരുഷന്മാരും 349 പേര്‍ സ്ത്രീകളുമാണ്. തൃശൂര്‍ കോര്‍പറേഷനില്‍ 245 സ്ഥാനാര്‍ഥികള്‍ മല്‍സര രംഗത്തുണ്ട്- 113 പുരുഷന്മാരും 132 സ്ത്രീകളും. ജില്ലാ പഞ്ചായത്തിലേക്കാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ഉള്ളത്- 106 പേര്‍. ഇതില്‍ 54 പേര്‍ പുരുഷന്മാരാണ്. 52 പേര്‍ സ്ത്രീകളും. ഗ്രാമപ്പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് എറിയാടാണ്- 87 പേര്‍. 52 സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന കൊടകരയാണു ബ്ലോക്ക് പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥി ബലംകൊണ്ട് മുന്നിട്ടു നില്‍ക്കുന്നത്. മുനിസിപ്പാലിറ്റികളില്‍ ഇരിങ്ങാലക്കുടയാണ് മുമ്പില്‍- 157 പേര്‍. സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ അനുവദിക്കല്‍ ശനിയാഴ്ച പൂര്‍ത്തിയായി. പോസ്റ്റല്‍ ബാലറ്റുകളുടേയും വോട്ടെടുപ്പിനുപയോഗിക്കുന്ന ഇലക്ട്രോണിക് യന്ത്രത്തില്‍ പതിക്കാനുള്ള ബാലറ്റ് ഷീറ്റുകളുടേയും അച്ചടിക്കുള്ള നടപടികളും ആരംഭിച്ചു. അതതു വരണാധികള്‍ മുഖേന സര്‍ക്കാര്‍ പ്രസ്സിലാണു ബാലറ്റുകള്‍ അച്ചടിക്കുക.
Next Story

RELATED STORIES

Share it