Districts

തിരഞ്ഞെടുപ്പ് ക്രമക്കേട്; കണ്ണൂര്‍ ഡിസിസി വീണ്ടും നിയമനടപടിക്ക്

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: കനത്ത സുരക്ഷയ്ക്കിടയിലും കണ്ണൂരിലെ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നെന്നാരോപിച്ച് ഡിസിസി നിയമനടപടിക്കൊരുങ്ങുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോടതിെയ സമീപിച്ച് അവസാന നിമിഷം നാടകീയമായി പിന്‍വാങ്ങിയതിനു പിന്നാലെയാണു വീണ്ടും നിയമയുദ്ധത്തിനൊരുങ്ങുന്നത്.
ഇത്തവണ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഇത്തരത്തില്‍ വ്യക്തമായ പരാതി ലഭിച്ച 12 പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനാണു തീരുമാനം. വരുംദിവസങ്ങളില്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു. അതേസമയം, ഓഫിസര്‍മാരെ ഭീഷണിപ്പെടുത്താനാണു കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഎം ആരോപിച്ചു. ഏതായാലും മുന്‍കാല അനുഭവങ്ങളില്‍നിന്നു പാഠംപഠിച്ച് കോണ്‍ഗ്രസ് ഇത്തവണ നിയമനടപടി ശക്തമാക്കുകയാണെങ്കില്‍ കണ്ണൂരിലെ തദ്ദേശ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ അതു നാഴികക്കല്ലാവും.
കണ്ണൂരില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് പൊതുവെ സമാധാനപരമാണെങ്കിലും സിപിഎം ശക്തികേന്ദ്രങ്ങളിലെ ചില ബൂത്തുകളില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കള്ളവോട്ട് നടന്നെന്നാണു കോണ്‍ഗ്രസ്സിന്റെ പരാതി. എന്നാല്‍, സിപിഎമ്മിനു പുറമേ ലീഗിനും ബിജെപിക്കും സ്വാധീനമുള്ള സ്ഥലങ്ങളില്‍ കള്ളവോട്ട് നടന്നതായി ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ കള്ളവോട്ട് കോടതി കയറിയിരുന്നെങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
വിവരാവകാശ നിയമമനുസരിച്ച് തെളിവുകള്‍ ശേഖരിക്കുന്നതില്‍ വന്ന കാലതാമസമാണ് കേസുമായി മുന്നോട്ടുപോവാന്‍ കഴിയാത്തതിനു പിന്നിലെന്നാണ് ഇതിനു ഡിസിസി നല്‍കിയ വിശദീകരണം. എന്നാല്‍, പാര്‍ട്ടിയുടെ സംസ്ഥാനനേതൃത്വത്തിന്റെ നിസ്സംഗതയാണ് സുധാകരന്റെയും ഡിസിസിയുടെയും പൊടുന്നനെയുള്ള പിന്‍വാങ്ങലിനു കാരണമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ആദ്യഘട്ടത്തില്‍ എല്ലാവിധ തെളിവുകളും ലഭിച്ചെന്നു പറഞ്ഞ ഡിസിസിയും ഒടുവില്‍ കൈമലര്‍ത്തുകയായിരുന്നു.
തിരഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്യാനുള്ള സമയപരിധി കഴിഞ്ഞതിനാല്‍ കള്ളവോട്ടിന്റെ പേരിലുള്ള ക്രിമിനല്‍ക്കേസുമായി മുന്നോട്ടുപോവാനാണു തീരുമാനമെന്നാണ് അറിയിച്ചിരുന്നത്. പക്ഷേ, ആ വിധത്തിലും മുന്നോട്ടുപോയിട്ടില്ല. കോടതിവിധിയിലൂടെ ജയപരാജയങ്ങളുടെ രുചിയറിഞ്ഞ ചരിത്രം കെ സുധാകരനുണ്ട്. 1991ല്‍ എടക്കാട് നിന്ന് നിയമസഭയിലേക്കു മല്‍സരിച്ച സുധാകരന്‍ ചെറിയ വോട്ടിന് തോറ്റപ്പോള്‍ സിപിഎമ്മിനെതിരേ കള്ളവോട്ട് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നു നടന്ന നിയമപോരാട്ടത്തില്‍ നീതിപീഠം സുധാകരനെ വിജയിയായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് സുപ്രിംകോടതി ഇടപെട്ട് അസാധുവാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it