kasaragod local

തിരഞ്ഞെടുപ്പ്: കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പോരാട്ട വീര്യം കൂടുന്നു

കാഞ്ഞങ്ങാട്: ദേശീയ പ്രസ്ഥാനത്തില്‍ ശ്രദ്ധേയമായ സ്ഥാനം വഹിച്ച കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പോരിന് വീര്യം കൂടുന്നു. എല്‍ഡിഎഫിനും യുഡിഎഫിനും പുറമെ എന്‍ഡിഎയുടെ ബിഡിജെഎസും രംഗത്തുണ്ട്. സിറ്റിങ് എംഎല്‍എ സിപിഐയിലെ ഇ ചന്ദ്രശേഖരന്‍ വീണ്ടും ജനവിധി തേടുന്ന ഈ മണ്ഡലത്തില്‍ യുഡിഎഫിന് വേണ്ടി കോണ്‍ഗ്രസ് ഇറക്കിയിട്ടുള്ളത് ധന്യാസുരേഷും എന്‍ഡിഎക്ക് വേണ്ടി ബിഡിജെഎസിലെ പ്രവാസി വ്യവസായി എം പി രാഘവനുമാണ് മാറ്റുരക്കുന്നത്. വടക്കേ മലബാറിന്റെ സാസ്‌കാരിക കേന്ദ്രമായ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഇടത് പാരമ്പര്യമാണുള്ളത്. 1987ല്‍ കോണ്‍ഗ്രസിലെ എന്‍ മനോഹരന്‍ മാസ്റ്റര്‍ വിജയിച്ചതൊഴിച്ചാല്‍ മണ്ഡലം രൂപീകരണം തൊട്ട് ഇവിടെ എല്‍ഡിഎഫാണ് വിജയിച്ചുവരുന്നത്. 2011വരെ ഹൊസ്ദുര്‍ഗ് സംവരണ മണ്ഡലമായിരുന്നു. മണ്ഡലം പുനര്‍വിഭജനത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് മണ്ഡലമായി മാറി.
1987ല്‍ 56 വോട്ടിന് ഒരു അട്ടിമറി വിജയം പഴയ ഹൊസ്ദുര്‍ഗ് മണ്ഡലത്തില്‍ യുഡിഎഫിന് അവകാശപ്പെടാമെങ്കിലും പിന്നീട് ഇടതു നെടുങ്കോട്ടയായി മാറുകയായിരുന്നു. പുതിയ കാഞ്ഞങ്ങാട് മണ്ഡലമായി 2011ല്‍ മാറിയപ്പോഴും ചെങ്കൊടിക്ക് തിളക്കമേറി.
നീലേശ്വരം നഗരസഭയും ചെറുവത്തൂര്‍ പഞ്ചായത്തും 2011 തിരഞ്ഞെടുപ്പോടുകൂടി കാഞ്ഞങ്ങാട് നിന്നും മാറിയെങ്കിലും യുഡിഎഫിന് ഇവിടെ നേട്ടമൊന്നുമുണ്ടാക്കാനായില്ല. കഴിഞ്ഞനിയമസഭ തിരഞ്ഞെടുപ്പില്‍ 1,39,841 വേട്ടുകള്‍ രേഖപ്പെടുത്തിയതില്‍ 66,640 വോട്ടുകള്‍ നേടിയാണ് സിപിഐയിലെ ഇ ചന്ദ്രശേഖരന്‍ വിജയിച്ചത്.കാഞ്ഞങ്ങാട് നഗരസഭ, പനത്തടി, കള്ളാര്‍, കോടോം-ബേളൂര്‍, കിനാനൂര്‍-കരിന്തളം, മടിക്കൈ, ബളാല്‍, അജാനൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കാഞ്ഞങ്ങാട് മണ്ഡലം. ഇതില്‍ കാഞ്ഞങ്ങാട് നഗരസഭ, പനത്തടി, മടിക്കൈ, കിനാനൂര്‍ കരിന്തളം, കോടോം-ബേളൂര്‍, അജാനൂര്‍ പഞ്ചായത്തുകള്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലെ കണക്ക് പ്രകാരം 2,03,136 വോട്ടര്‍മാരാണുള്ളത്. 1,06,754 സ്ത്രീകളും 96,382 പുരുഷന്‍മാരുമാണ്.
1977, 80, 82 വര്‍ഷങ്ങളില്‍ സിപിഐയിലെ കെ ടി കുമാരനും 1991ലും 96ലും എം നാരായണനും 2001ല്‍ എം കുമാരനും 2006ല്‍ പള്ളിപ്രം ബാലനും മണ്ഡലത്തെ പ്രതിനിധീകരിച്ചു.
യുഡിഎഫിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയെങ്കിലും ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയായ ധന്യാസുരേഷ് മണ്ഡലത്തില്‍ ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. മണ്ഡലത്തിലെ ഭൂരിപക്ഷം വരുന്ന വനിതാ വോട്ടര്‍മാരും ജില്ലയിലെ ഏക വനിതാ പ്രതിനിധിയായ തനിക്ക് വേണ്ടി വോട്ട് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. കാലാകാലങ്ങളായി എല്‍ഡിഎഫ് ഭരിക്കുന്ന ഈ മണ്ഡലം വികസന രംഗത്ത് ഏറെ പിന്നിലാണെന്നും അതിന് ഭരണമാറ്റം അനിവാര്യമാണെന്നുമാണ് ധന്യാസുരേഷ്പറയുന്നത്.
ബിഡിജെഎസിലെ എം പി രാഘവനും ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇടതു-വലതുമുന്നണിക്കെതിരെ ഒരു മാറ്റം അനിവാര്യമാണെന്നാണ് പ്രവാസി വ്യവസായി കൂടിയായ ഇദ്ദേഹം പറയുന്നത്. തന്റെ വിജയത്തില്‍ സംശയമില്ലെന്നും ഭൂരിപക്ഷം വര്‍ദ്ധിക്കുമെന്നും സിറ്റിങ് എംഎല്‍എയായ ഇ ചന്ദ്രശേഖരന് പറയാനുള്ളത്. മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നിരത്തിയാണ് വോട്ടഭ്യര്‍ഥിക്കുന്നത്.
Next Story

RELATED STORIES

Share it