ernakulam local

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അങ്കമാലിയിലെ ജനതാദള്‍(എസ്)ല്‍ കലാപക്കൊടി ഉയരുന്നു

അങ്കമാലി: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അങ്കമാലിയിലെ ജനതാദള്‍(എസ്)ല്‍ കലാപക്കൊടി ഉയരുന്നു.
അങ്കമാലി നിയോജക മണ്ഡലത്തിലെ ജനതാദള്‍ (എസ്) സ്ഥാനാര്‍ഥി ബെന്നി മൂഞ്ഞേലിയെ പരാജയപ്പെടുത്താന്‍ മുന്‍ എംഎല്‍എയും മുന്‍ ഗതാഗത മന്ത്രിയുമായ ജോസ് തെറ്റയില്‍ ശ്രമിച്ചതാണ് ജനതാദള്‍ അങ്കമാലി നിയോജക മണ്ഡലത്തില്‍ പ്രശ്‌നങ്ങള്‍ തലപൊക്കാന്‍ കാരാണമായത്.
ജോസ് തെറ്റയിലിനെതിരേ തെളിവുകള്‍ സഹിതം ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് പകരം ബെന്നി മുഞ്ഞേലിയെ സ്ഥാനാര്‍ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചത്.
അപ്രതീക്ഷതമായ ഈ തീരുമാനത്തില്‍ പ്രകോപിതനായ ജോസ് തെറ്റയില്‍ പരസ്യമായും രഹസ്യമായും പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരേ പ്രവര്‍ത്തിച്ചതായി അന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തില്‍ ജനതാദള്‍ അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെയും പാര്‍ട്ടിയിലെ പോഷക സംഘടനകളുടെയും സംയുക്ത യോഗം കൂടിയിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിയായ ബെന്നി മൂഞ്ഞേലി പരാജയപ്പെടുന്നതിന് ജോസ് തെറ്റയില്‍ കാരണക്കാരനാണെന്ന് ചൂണ്ടിക്കാണിച്ച് കമ്മിറ്റില്‍ തെറ്റയിലിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
താനല്ലാതെ മറ്റൊരു നേതാവ് അങ്കമാലിയില്‍ വേണ്ടന്ന് ചിന്തിക്കുന്ന തെറ്റയിലിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പാര്‍ട്ടിയെ വളര്‍ത്തേണ്ട നേതാക്കള്‍ അതിനെതിരേ പ്രവര്‍ത്തിക്കുമ്പോള്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് ജോസ് തെറ്റയിലിനെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് യോഗം ആവശ്യപ്പെട്ടത്. യോഗത്തില്‍ ജനതാദള്‍ (എസ്) അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി മൂഞ്ഞേലി അധ്യക്ഷത വഹിച്ചു.
കിസാന്‍ ജനത സംസ്ഥാന സെക്രട്ടറി കെ സി ജോസ്, ജനതാദള്‍ (എസ്) ജില്ലാ സെക്രട്ടറി ജബാര്‍ തച്ചയില്‍, അങ്കമാലി നഗരസഭവൈസ് ചെയര്‍മാന്‍ ബിജു പൗലോസ്, ചെറിയാന്‍ പാറയ്ക്കല്‍, പി ആര്‍ വര്‍ഗീസ്, പൗലോസ് പള്ളിപ്പാട്ട്, കെ വി ഷാജി, കെ വി ടോമി, സജീവ് അരീക്കല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it