തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധികാത്ത് 40,000 അപേക്ഷകള്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങി വേനല്‍ക്കാല കുടിവെള്ള വിതരണം വൈകിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 40,000 നിര്‍ധനര്‍ക്ക് അനുവദിച്ച 44.54 കോടി രൂപ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തുകിടക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവന്ന മാര്‍ച്ച് നാലിനു മുമ്പ് അനുവദിച്ച തുകയാണിതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം.തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം ആനുകൂല്യം വിതരണം ചെയ്യാനുള്ളത്-13 കോടി. 12,048 ഗുണഭോക്താക്കളാണ് ഇവിടെ കാത്തിരിക്കുന്നത്. മറ്റു ജില്ലകള്‍ക്ക് അനുവദിച്ച തുകയും ഗുണഭോക്താക്കളുടെ എണ്ണവും. ആലപ്പുഴ- 4.31 കോടി (6,150 ഗുണഭോക്താക്കള്‍), പത്തനംതിട്ട- 2.5 കോടി (3,836), കൊല്ലം-1.0 കോടി (454), ഇടുക്കി- 3.10 കോടി (4,000), എറണാകുളം- 9.20 കോടി (3,852), കോട്ടയം- 4.16 കോടി (4,500), കോഴിക്കോട്- 20 ലക്ഷം (2,229), തൃശൂര്‍- 1.6 കോടി (2,189), പാലക്കാട്- 2.3 കോടി (2,149), മലപ്പുറം- 1.37 കോടി (1,564), വയനാട്- 74 ലക്ഷം (748), കണ്ണൂര്‍- 94 ലക്ഷം (608). 2016 ജനുവരിയില്‍ 49.50 കോടിയും ഫെബ്രുവരിയില്‍ 40 കോടിയും മാര്‍ച്ച് മൂന്നിനു മുമ്പ് 52.50 കോടിയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു വിവിധ ജില്ലകള്‍ക്ക് അനുവദിച്ചത്. തുക അനുവദിച്ചത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ച്ച് ഒമ്പതിന് കത്തയച്ചിരുന്നു. ജില്ലാ കലക്ടര്‍മാര്‍ക്ക് തുക അനുവദിച്ചതും നേരത്തേയാണ്. പലവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന ഇവര്‍ക്ക് എത്രയും വേഗം ധനസഹായം ലഭിക്കേണ്ടത് അനിവാര്യമാണെന്നും അതിനുള്ള മാനുഷിക പരിഗണന കാട്ടണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ വേനല്‍ക്കാലത്ത് കുടിവെള്ള വിതരണത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് ഉപാധികളോടെ നീക്കിയത്.
Next Story

RELATED STORIES

Share it