malappuram local

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ മറികടന്ന് സ്ഥാനാര്‍ഥികളുടെ ചെലവുകള്‍

പൊന്നാനി: തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചാരണത്തിന് തിരെഞ്ഞടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച തുകക്കുമപ്പുറത്തേക്ക് ചെലവഴിക്കുകയാണ് ഓരോ സ്ഥാനാര്‍ഥികളും. രണ്ടു മുതല്‍ അഞ്ച് വരെ ഇരട്ടി തുകയാണ് ഓരോ സ്ഥാനാര്‍ഥികളും ചെലവിടുന്നത്. ഗ്രാമപ്പഞ്ചായത്തില്‍ ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക പതിനായിരം രൂപ മാത്രമാണ്. ബ്ലോക്ക് പഞ്ചായത്തിലാവട്ടെ മുപ്പതിനായിരം രൂപയും, ജില്ലാ പഞ്ചായത്തില്‍ അറുപതിനായിരവുമാണ് അനുവദിച്ച തോത്.
നഗരസഭകളില്‍ മുപ്പതിനായിരം രൂപയും കോര്‍പറേഷനുകളിലിത് അറുപതിനായിരം വരെയുമാണ്. എന്നാല്‍, മിക്ക സ്ഥാനാര്‍ഥികളും ഇപ്പോള്‍ തന്നെ രണ്ടു ലക്ഷം മുതല്‍ 5 ലക്ഷം വരെ പ്രചാരണങ്ങള്‍ കൊഴുപ്പിക്കാന്‍ ചെലവാക്കിയിട്ടുണ്ട്. യഥാര്‍ഥ കണക്കുകള്‍ തന്ത്രപരമായി പൂഴ്ത്തിവച്ചാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ചെലവുകള്‍ തയ്യാറാക്കുന്നത്. ചെലവുകള്‍ വലിയ തോതില്‍ വര്‍ധിച്ചതിനാല്‍ തിരെഞ്ഞടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച തോതില്‍ ചെലവുകള്‍ ചുരുക്കാന്‍ കഴിയുന്നില്ലെന്നാണ് സ്ഥാനാര്‍ഥികള്‍ പറയുന്നത്. മൈക്ക് പ്രചാരണത്തിന് ദിവസത്തിന് മുവ്വായിരം രൂപയാണ് വാടക. പോസ്റ്ററുകള്‍ അടിക്കാനാവട്ടെ ചുരുങ്ങിയത് അയ്യായിരം രൂപയാവും. ഈ സാഹചര്യത്തില്‍ ആഴ്ചകളോളം പ്രചാരണം നടക്കുമ്പോള്‍ തന്നെ ചെലവ് അനുവദിച്ചതിലും മൂന്നിരട്ടിയാവും. പല സ്ഥാനാര്‍ഥികളും ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്.
ചില പഞ്ചായത്തുകളില്‍ അനിയന്ത്രിതമായി പണം ചെലവഴിച്ചത് അധികൃതര്‍ കൈയോടെ പിടികൂടിയിട്ടുണ്ട്. വിവിധ രാഷ്ട്രിയപ്പാര്‍ട്ടികളുടെ നേതാക്കള്‍ പറയുന്നത് കമ്മീഷന്‍ നിര്‍ദേശിച്ച അളവില്‍ പ്രചാരണച്ചെലവ് ഒതുക്കാന്‍ കഴിയില്ലെന്നതാണ്.
Next Story

RELATED STORIES

Share it