തിരഞ്ഞെടുപ്പ് കമ്മീഷനും ഫേസ്ബുക്കും കൈകോര്‍ക്കുന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സാമൂഹിക മാധ്യമമായ ഫേസ്ബുക്കിന്റെ സഹായം പ്രയോജനപ്പെടുത്താനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതു സംബന്ധിച്ച് കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറും ഫേസ്ബുക്കും തമ്മില്‍ ധാരണയായി.
ഇതനുസരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസമായ മെയ് 15ന് ഫേസ്ബുക്ക് യൂസര്‍മാരുടെ ന്യൂസ്ഫീഡില്‍ ഒരു ഓര്‍മപ്പെടുത്തല്‍ (റിമൈന്‍ഡര്‍) ഫേസ്ബുക്ക് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പില്‍ പങ്കാളിയാവേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുകയും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. ഇംഗ്ലണ്ട്, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നടത്തിയ രീതിയിലുള്ള ബോധവല്‍ക്കരണമാണ് ഫേസ്ബുക്ക് കേരള നിയമസഭാ തിരഞ്ഞെടുപ്പിലും നടത്തുക. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്) പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ജനങ്ങളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുപ്പില്‍ യുവാക്കളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ഇ കെ മാജി പറഞ്ഞു. ഒരു വോട്ടറും പിന്തള്ളപ്പെടാന്‍ പാടില്ല എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുദ്രാവാക്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it