ernakulam local

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ഗുണ്ട് പൊട്ടി

കാലടി: കാഞ്ഞൂര്‍ പഞ്ചായത്തിലെ തട്ടാന്‍പടിക്കു സമീപം എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസില്‍ ഗുണ്ട് കത്തിച്ചിട്ടത് വന്‍ പ്രതിഷേധത്തിനു വഴിവച്ചു. ഫലപ്രഖ്യാപന ദിവസം രാത്രി പത്തുമണിയോടെ ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേരാണ് ഇതു ചെയ്തതെന്ന് സമീപവാസികള്‍ പറഞ്ഞു.
എന്നാല്‍ യുഡിഎഫ് പ്രവര്‍ത്തകരാണ് ഇങ്ങനെ ചെയ്തതെന്ന് പറഞ്ഞ് എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഇവിടെ പ്രതിഷേധയോഗം നടത്തി. തുടര്‍ന്ന് ഇന്നലെ വൈകീട്ട് 5ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തട്ടാന്‍പടിയില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം ഒ ജോണ്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ സി പൗലോസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് മണ്ഡലം നേതാക്കള്‍ സംബന്ധിച്ചു. സ്വകാര്യവ്യക്തിയുടെ ആള്‍താമസമില്ലാത്ത വീടായിരുന്നു ഓഫിസിനായി വാടകയ്‌ക്കെടുത്തിരുന്നത്. പന്ത്രണ്ടാം വാര്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം എല്‍ ജോസാണ് വിജയിച്ചത്.
ഫലം വന്ന് വിജയാഹ്ലാദ പ്രകടനം കഴിഞ്ഞ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയശേഷമാണ് സംഭവം. ഒരാഴ്ചമുമ്പ് കാഞ്ഞൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസില്‍ അക്രമം നടത്തിയ സംഘം തന്നെയാണ് ഇതിനു പിന്നിലെന്നും മദ്യപിച്ച് രാത്രികളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഇത്തരക്കാര്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കുന്നു.
അനാവശ്യ വിവാദമുണ്ടാക്കി തങ്ങളുടെ പ്രവര്‍ത്തകര്‍ക്കുനേരെ തിരിഞ്ഞാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചു. പലരെയും ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.
Next Story

RELATED STORIES

Share it