thrissur local

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ കലക്ടര്‍ വിലയിരുത്തി

തൃശൂര്‍: അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ പോളിങ് സ്റ്റേഷനുകളുടെ കാര്യത്തില്‍ തൊട്ടടുത്ത അനുയോജ്യമായ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് തടസ്സമില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി രതീശന്‍ അറിയിച്ചു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി ആലോചിച്ച് റിട്ടേണിങ് ഓഫിസര്‍ക്ക് ഇക്കാര്യത്തില്‍ ആവശ്യമായത് ചെയ്യാം. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
കുടിവെളളം, വെളിച്ചം, വഴി, ശുചിമുറി എന്നിവയാണ് അടിസ്ഥാന സൗകര്യങ്ങളില്‍പ്പെടുന്നത്. ഇവ ഒരുക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു. സ്ഥലപരിമിതി, വെളളക്കെട്ട്, ഭൂമിശാസ്ത്രപരമായ മറ്റ് തടസ്സങ്ങള്‍ ഉളളിടത്ത് മാത്രമാണ് ഇനി അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കാനുളളത്. 10 നകം എല്ലാ പോളിങ് സ്റ്റേഷന്റെയും നാമകരണം പൂര്‍ത്തിയാക്കും. സര്‍ക്കാര്‍, സര്‍ക്കാര്‍-ഇതര കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോളിങ് സ്റ്റേഷനുകളില്‍ സൗകര്യം ഒരുക്കുന്നതിന് കലക്ടര്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ തിരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണങ്ങളും വിലയിരുത്തി. സിറ്റി പോലിസ് കമ്മീഷണര്‍ കെ ജി സൈമണ്‍, എസ് പി കെ കാര്‍ത്തിക്, എഡിഎം കെ ശെല്‍വരാജ്, സബ് കലക്ടര്‍ ഹരിത വി കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ആര്‍ നളിനി, എസ് രാധാകൃഷ്ണന്‍, ജോസഫ് സെബാസ്റ്റ്യന്‍, ആര്‍ രഘുപതി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ രാജ്പ്രദീപ് ഡിഎഫ്ഒ മാരായ എന്‍ രാജേഷ്, സുനീല്‍ പമ്മിടി, പി എം ജോര്‍ജ്, ലേബര്‍ ഓഫിസര്‍ എം വി ഷീല തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it