തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെ യുഡിഎഫിന് വീണ്ടും പ്രഹരം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ പശ്ചാത്തലത്തില്‍ ബാര്‍ കോഴയുമായി ബന്ധപ്പെട്ട് മന്ത്രി കെ ബാബുവിന്റെ രാജിയിലൂടെ യുഡിഎഫിന് വീണ്ടും പ്രഹരം. കെ എം മാണിയുടെ രാജിയില്‍നിന്നു കരകയറാനുള്ള ശ്രമങ്ങള്‍ക്കിടെ ബാബുവും രാജിവച്ചത് യുഡിഎഫിന്റെ ആത്മവിശ്വാസത്തിനും മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ വീണുകിട്ടിയ രാജി വോട്ടാക്കി മാറ്റാനുള്ള നീക്കത്തിലാണ് എല്‍ഡിഎഫ്. സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം നടക്കുന്ന അതേസമയത്തു തന്നെ കോടതിയില്‍ നിന്നുണ്ടായ പ്രഹരം ബാബുവിന്റെ രാജിയില്‍ കലാശിച്ചതോടെ വികസനനേട്ടവുമായി ബന്ധപ്പെട്ട ചര്‍ച്ചയും ബാര്‍ കോഴയിലേക്കു വഴിമാറി. ബാര്‍കോഴയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ കെ എം മാണിയെ സംരക്ഷിച്ചുനിര്‍ത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ദേഹത്തിനെതിരേ കോടതി പരാമര്‍ശം വന്നപ്പോഴും മാണി കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നു പറഞ്ഞിരുന്നു. എന്നാല്‍, തന്റെ അടുത്ത വിശ്വസ്തനും അതേ ആരോപണത്തില്‍പ്പെട്ടു പടിയിറങ്ങുമ്പോള്‍ സംരക്ഷണമൊരുക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.
കെ എം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് നല്‍കിയ തുടരന്വേഷണ റിപോര്‍ട്ട് കോടതിയുടെ പരിഗണനയിലാണ്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി സുകേശന്‍ നല്‍കിയ പരസ്പരവിരുദ്ധമായ റിപോര്‍ട്ടുകള്‍ പരിഗണിക്കുമ്പോള്‍ ഇനിയും എതിര്‍പരാമര്‍ശം ഉണ്ടാവുമോയെന്ന ആശങ്കയും യുഡിഎഫിനുണ്ട്. ബാബുവിനെതിരേ ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് നല്‍കണമെന്ന ഉത്തരവാണ് കോടതി നല്‍കിയിട്ടുള്ളത്. കൂടാതെ, ബാബുവിനെതിരായ അന്വേഷണം സിബിഐക്കു വിടണമെന്ന ഹരജിയും വിധിപറയാന്‍ മാറ്റിവച്ചിരിക്കുന്നു. ഇതിനുപുറമെ, രണ്ട് മന്ത്രിമാര്‍ കൂടി പണം വാങ്ങിയിട്ടുണ്ടെന്നും തുക എത്രയാണെന്ന് അന്വേഷിച്ചു പറയാമെന്നുമുള്ള ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ പുതിയ ആരോപണവും വരുംദിവസങ്ങളില്‍ യുഡിഎഫിനു തലവേദനയാവും.
അതേസമയം, ബാര്‍ കോഴയിലെ പുതിയ വഴിത്തിരിവ് പിടിവള്ളിയായെങ്കിലും ലാവ്‌ലിന്‍ കേസ് എല്‍ഡിഎഫിനു ഭീഷണി ഉയര്‍ത്തുന്നു. സംസ്ഥാന ഖജനാവിന് 376 കോടി നഷ്ടമുണ്ടാക്കിയ ലാവ്‌ലിന്‍ കേസില്‍ കുറ്റപത്രം റദ്ദാക്കിയതിനെതിരായ ഹരജിയിലെ വിധിയാണ് എല്‍ഡിഎഫിന്റെ ആശങ്ക. കുറ്റപത്രം റദ്ദാക്കിയ നടപടി കോടതി അസ്ഥിരപ്പെടുത്തിയാല്‍ അത് സിപിഎമ്മിന് കനത്ത പ്രഹരമാവും. പ്രതിസന്ധിയില്‍ മുങ്ങിത്താഴുന്ന യുഡിഎഫിന്റെ പ്രതീക്ഷയും ലാവ്‌ലിന്‍ കേസിലാണ്. കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി ജയരാജന്റെ ജാമ്യാപേക്ഷയിലെ വിധിയും കേസിന്റെ തുടര്‍നടപടികളും സിപിഎമ്മിനു വെല്ലുവിളിതന്നെ.
Next Story

RELATED STORIES

Share it