തിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് പ്രവേശനം പ്രതീക്ഷിച്ച് ഐഎന്‍എല്‍

ഹനീഫ എടക്കാട്

കണ്ണൂര്‍: ഇബ്രാഹീം സുലൈമാന്‍ സേഠ് രൂപംകൊടുത്ത ഇന്ത്യന്‍ നാഷനല്‍ ലീഗ് ഈ നിയമസഭാ തിരഞ്ഞെടുപ്പിലെങ്കിലും ഇടതുമുന്നണിയുടെ ഭാഗമാവുമോ, അതോ സഹകരിക്കുന്ന പാര്‍ട്ടികള്‍ എന്ന “വലിയ’ ലേബലില്‍പ്പെടുത്തി ഒന്നോ രണ്ടോ മണ്ഡലത്തില്‍ മല്‍സരിക്കാനുള്ള അവസരം നല്‍കുക മാത്രമാണോ ചെയ്യുക. 1994 ഏപ്രില്‍ 23ന് രൂപീകരണം മുതല്‍ ഇന്നുവരെ എല്‍ഡിഎഫുമായി സഹകരിച്ചുവരുകയാണ് ഐഎന്‍എല്‍. ഓരോ തിരഞ്ഞെടുപ്പു വരുമ്പോഴും ഇത്തവണ മുന്നണിപ്രവേശനം സാധ്യമാവുമെന്ന പ്രതീക്ഷ നേതൃത്വവും അണികളും വച്ചുപുലര്‍ത്താ റുണ്ട്. എന്നാല്‍, അവസാനം അതു പ്രതീക്ഷ മാത്രമായി അവസാനിക്കുകയും ചെയ്യും. കോഴിക്കോട്, മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഏതാനും സീറ്റുകളില്‍ എല്‍ഡിഎഫ് പിന്തുണയുള്ള ഐഎന്‍എല്‍ സ്ഥാനാര്‍ഥിയെന്നോ എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയെന്ന ലേബലിലോ മല്‍സരിക്കാനാണ് ഐഎന്‍എല്ലുകാരുടെ രാഷ്ട്രീയ വിധി. 2001ല്‍ തിരൂര്‍, കാസര്‍കോട്, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ യഥാക്രമം പ്രഫ. എ പി അബ്ദുല്‍ വഹാബ്, എന്‍ എ നെല്ലിക്കുന്ന്, അന്‍വര്‍ മാസ്റ്റര്‍ എന്നിവര്‍ മല്‍സരിച്ചെങ്കിലും നിയമസഭയിലെത്താനായില്ല. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനായ കാസിം വി ഇരിക്കൂറും എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ചു. 1996ലും കാസിം വി ഇരിക്കൂര്‍ മല്‍സരിച്ചെങ്കിലും 4476 വോട്ടാണു ലഭിച്ചത്. 1996ല്‍ പാര്‍ട്ടിക്കു വേണ്ടി ഇബ്രാഹീം ഹാജി (കുറ്റിപ്പുറം), പി എം എ സലാം (മലപ്പുറം), എന്‍ എ നെല്ലിക്കുന്ന് (കാസര്‍കോട്) മല്‍സരിച്ചിരുന്നു. 2006ല്‍ മഞ്ചേരി, കാസര്‍കോട്, കോഴിക്കോട്-2 എന്നീ മണ്ഡലങ്ങളില്‍ മല്‍സരിക്കാനായിരുന്നു എല്‍എഡിഎഫിന്റെ നിര്‍ദേശം. ഇപ്പോഴത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ വഹാബ് മഞ്ചേരിയില്‍ മല്‍സരിച്ചെങ്കിലും പച്ചതൊട്ടില്ല. എന്‍ എ നെല്ലിക്കുന്ന് പതിവുപോലെ കാസര്‍കോട്ടു മല്‍സരിച്ചെങ്കിലും മൂന്നാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. പി എം എ സലാം പക്ഷേ, ജയിച്ചു നിയമസഭയിലെത്തി. എംഎല്‍എ മധുരം നുണഞ്ഞതു കൊണ്ടാവണം പി എം എ സലാം പിന്നെ അധികകാലം ഐഎന്‍എല്ലില്‍ തുടര്‍ന്നില്ല. പലരും ലീഗിലേക്കു മടങ്ങിയെത്തിയതു പോലെ പി എം എ സലാമും മുസ്‌ലിംലീഗിലേക്ക് തന്നെ തിരിച്ചുപോയി. വഴിയെ എന്‍ എ നെല്ലിക്കുന്നും മുസ്‌ലിംലീഗിലെത്തി 2011ലെ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ടു നിന്നു വിജയിച്ച് എംഎല്‍എയായി. 2011ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നു മല്‍സരിച്ചെങ്കിലും കെ പി മോഹനനോടു പരാജയപ്പെടുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു പുറമെ ലോക്‌സഭ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനൊപ്പം സഹകരിച്ചാണ് ഐഎന്‍എല്‍ ഇതേവരെ മല്‍സരരംഗത്തിറങ്ങിയത്. പലതവണ മുന്നണി പ്രവേശനം ആവശ്യപ്പെട്ട് ഐഎന്‍എല്‍ നേതൃത്വം എല്‍ഡിഎഫിന് കത്തു നല്‍കിയിട്ടുണ്ടെങ്കിലും “സാങ്കേതികത്വം’ പറഞ്ഞു നിരസിക്കുകയായിരുന്നു. ഇക്കുറിയെങ്കിലും ഇടതുമുന്നണി ഘടകകക്ഷിയാവും എന്ന തികഞ്ഞ പ്രതീക്ഷയിലാണ് പാര്‍ട്ടി. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍ പറഞ്ഞു. അടുത്തയാഴ്ച കോഴിക്കോട്ടു നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it