Districts

തിരഞ്ഞെടുപ്പ്; എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് മല്‍സരിക്കാമെന്ന് സര്‍ക്കാര്‍

കൊച്ചി: എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേരള വിദ്യാഭ്യാസ ആക്റ്റിന്റെയും റൂള്‍സിന്റെയും അടിസ്ഥാനത്തിലാണ് എയ്ഡഡ് അധ്യാപകരുടെ സേവനവ്യവസ്ഥ നിര്‍ണയിച്ചിട്ടുള്ളതെങ്കില്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്ക് കേരള വിദ്യാഭ്യാസ റൂള്‍സാണ് ബാധകമാക്കിയിരിക്കുന്നത്.
അതിനാല്‍, സര്‍ക്കാര്‍ അധ്യാപകര്‍ക്ക് സമാനമായി എയ്ഡഡ് അധ്യാപകരെ കാണാനാവില്ലെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള അവകാശം അവര്‍ക്ക് ലഭ്യമാണെന്നും പൊതുവിദ്യാഭ്യാസ സ്‌പെഷ്യല്‍ സെക്രട്ടറി ആര്‍ കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 1967ലെ സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് എയ്ഡഡ് അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള അവകാശം നല്‍കിയത്.
സര്‍ക്കാരിന്റേതല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകനോ ജീവനക്കാരനോ ആണെന്ന പേരില്‍ ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ കഴിയില്ലെന്ന നിയമനിര്‍മാണവും നിലവിലുണ്ട്. നിയമനിര്‍മാണസഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവധി അനുവദിക്കാനുള്ള വ്യവസ്ഥ കെഇആറിലുണ്ട്. നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശമ്പളമില്ലാത്ത അവധി നല്‍കാന്‍ വ്യവസ്ഥയുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവിയിലുള്ളവര്‍ക്കും ഒരു അക്കാദമിക് വര്‍ഷത്തേക്കോ കാലാവധി തീരുന്നതുവരെയോ പ്രതിഫലമില്ലാത്ത പ്രത്യേക അവധി നല്‍കാനും 20 ദിവസത്തെ ഡ്യൂട്ടി ലീവിനും അര്‍ഹതയുണ്ട്. അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15 ദിവസത്തെ ഡ്യൂട്ടി ലീവിനാണ് അര്‍ഹതയുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എയ്ഡഡ് അധ്യാപകരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് മാത്യു സ്ഖറിയാസ് ഉള്‍പ്പെടെ നല്‍കിയ ഹരജികളിലാണ് സര്‍ക്കാര്‍ വിശദീകരണം.
Next Story

RELATED STORIES

Share it