Editorial

തിരഞ്ഞെടുപ്പുചൂടില്‍ ഒരു വേനല്‍

ഇത്തവണ വേനല്‍ ഏറ്റവും കടുത്തതായിരിക്കുമെന്ന് കാലാവസ്ഥാവിദഗ്ധര്‍. സമീപകാലത്ത് ഭൂമിയില്‍ ചൂട് കൂടിവരുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ലോകത്ത് റെക്കോഡ് ചൂടാണ് അനുഭവപ്പെടുന്നതെന്ന് കണക്കുകള്‍ ഉദ്ധരിച്ചു പണ്ഡിതന്‍മാര്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
ഇത്തവണ മലയാളികളെ സംബന്ധിച്ചിടത്തോളം ചൂട് കനത്തതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാലാവസ്ഥ മാത്രമല്ല കാരണം. ഏപ്രിലില്‍ നടക്കുമെന്നു പ്രതീക്ഷിച്ചിരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 16ന് നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. അതായത് അടുത്ത രണ്ടരമാസക്കാലം കേരളം തിരഞ്ഞെടുപ്പുചൂടില്‍ വെന്തുരുകും എന്നുതന്നെ. സമീപകാലത്തൊന്നും തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇത്ര ദീര്‍ഘമായ ഒരു സമയപരിധി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കേരളത്തില്‍ കിട്ടിയ അനുഭവമില്ല. സാധാരണനിലയില്‍ പ്രഖ്യാപനം മുതല്‍ വോട്ടെടുപ്പ് വരെയുള്ള പ്രക്രിയ ഏറിവന്നാല്‍ ആറാഴ്ചകൊണ്ടു നടക്കുന്നതാണ് പതിവ്. പക്ഷേ, ഇത്തവണ പശ്ചിമബംഗാള്‍ അടക്കം അഞ്ചു നിയമസഭകളിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പു നടക്കുകയാണ്. ബംഗാളിലാവട്ടെ ആറു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. അതിനു വന്‍തോതില്‍ സന്നാഹങ്ങള്‍ ഒരുക്കേണ്ടിവരും. അതിനാല്‍ കേരളത്തിലെ കാര്യം അവസാന റൗണ്ടില്‍ മതിയെന്ന് കമ്മീഷന്‍ നിശ്ചയിച്ചതായിരിക്കണം.
ദീര്‍ഘമായ പ്രചാരണസമയം സ്ഥിതിഗതികള്‍ വളരെ സങ്കീര്‍ണമാക്കുന്നുണ്ട്. ഒന്നാമത്തെ കാര്യം, ഇത്ര ദീര്‍ഘമായ കാലയളവില്‍ പ്രചണ്ഡമായ പ്രചാരണപ്രവര്‍ത്തനം നടത്താന്‍ വേണ്ട ആളും അര്‍ഥവും സംഭരിക്കുകയെന്നതു തന്നെ. വന്‍ പണച്ചെലവുള്ള ഏര്‍പ്പാടാണ് ഇന്ന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം. മുഖ്യധാരാകക്ഷികള്‍ പണമൊഴുക്കിയാണ് വോട്ടുകള്‍ മറിക്കുന്നത്. ചെറിയ കക്ഷികള്‍ തങ്ങളുടെ അണികളുടെ പിന്‍ബലത്തില്‍ മാത്രം വേണം പ്രചാരവേല സംഘടിപ്പിക്കാന്‍. ഇത്രയും ദീര്‍ഘകാലം അണികളെ രംഗത്ത് നിലനിര്‍ത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
രണ്ടാമത്തെ കാര്യം, ഇടയ്ക്ക് വിഷുവും സ്‌കൂള്‍ പരീക്ഷകളും കടന്നുവരുന്നതാണ്. ഈ ബഹളങ്ങള്‍ക്കിടയില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തളര്‍ച്ച പറ്റാതെ മുന്നോട്ടു കൊണ്ടുപോവുകയെന്നതും എളുപ്പമാവില്ല. വിഷുവിന്റെ ക്ഷീണം കഴിഞ്ഞ് വീണ്ടും ശ്രദ്ധ തിരഞ്ഞെടുപ്പിലേക്ക് തിരിച്ചുവരുന്നതിനിടയില്‍ രാഷ്ട്രീയരംഗത്ത് ഒരുപാട് അട്ടിമറികള്‍ സംഭവിച്ചെന്നും വരാം.
ഇത്തവണ രാഷ്ട്രീയപ്രശ്‌നങ്ങളും വികസനചര്‍ച്ചകളും അഴിമതിയും ഒക്കെ തിരഞ്ഞെടുപ്പുരംഗത്തെ മുഖ്യ വിഷയങ്ങളാണ്. ഈ വിഷയങ്ങളില്‍ ഊന്നി കൃത്യമായ ഒരു അജണ്ടയോടെ പ്രചാരണം അന്ത്യം വരെ മുന്നോട്ടു കൊണ്ടുപോവാനും കഴിഞ്ഞെന്നുവരില്ല. കാരണം, അതിനിടയില്‍ നിരവധി പുതിയ ഘടകങ്ങള്‍ ഉയര്‍ന്നുവരും. നേരത്തേ കെട്ടിപ്പൊക്കിയ വാദമുഖങ്ങള്‍ പലതും പൊളിഞ്ഞുവീഴുന്ന കാഴ്ചയും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കാണേണ്ടതായിവരും.
ചുരുക്കത്തില്‍ ഇത്തവണത്തെ വേനല്‍ മലയാളിക്ക് കാലാവസ്ഥയിലെ അമിത താപത്തിന്റെ വിമ്മിഷ്ടം മാത്രമല്ല കൊണ്ടുവരുക എന്നു തീര്‍ച്ച. അത് ഒരു പരിധിവരെ തണ്ണിമത്തനും മോരിന്‍വെള്ളവും കൊണ്ടു പരിഹരിക്കാം. പക്ഷേ, തിരഞ്ഞെടുപ്പുരംഗത്തെ സൂര്യാഘാതം വളരെ കടുത്തതായിരിക്കും; വോട്ടര്‍മാര്‍ക്ക് മാത്രമല്ല, സ്ഥാനാര്‍ഥികള്‍ക്കും അവരുടെ കക്ഷികള്‍ക്കും ഒക്കെ അങ്ങനെയായിരിക്കും.
Next Story

RELATED STORIES

Share it