Kerala

തിരഞ്ഞെടുപ്പും അവധി ദിനങ്ങളും : വയല്‍ നികത്തല്‍ വ്യാപകം

കോഴിക്കോട് : സംസ്ഥാനം തിരഞ്ഞെടുപ്പു ചൂടിലേക്ക് അമരുന്നതോടെ വയല്‍ നികത്തല്‍ സംഘം സജീവമാകുന്നു.റവന്യു അധികൃതര്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് തിരിഞ്ഞ അവസരം മുതലെടുത്താണ് കുന്നിടിക്കലും വയല്‍ നികത്തലും വ്യാപകമായി നടക്കുന്നത്.മഹാനവമി, മുഹറം,രണ്ടാംശനി അവധി ദിനങ്ങള്‍ കൂടിയായതോടെ വയല്‍ നികത്തല്‍ സംഘം സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.രാപ്പല്‍ ഭേതമന്യേ മണ്ണുകയറ്റിയ ടിപ്പര്‍ ലോറികള്‍ റോഡിലൂടെ ചീറിപ്പായുന്ന കാഴ്ച്ചയാണ് മിക്കയിടങ്ങളിലുമുള്ളത്.തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്ത് ആയിരക്കണക്കിന് വയലുകള്‍ നികത്തപ്പെടുന്ന അവസ്ഥയാണുള്ളത്.
നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടി ഡാറ്റാ ബാങ്ക് രൂപീകരിക്കുന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളെല്ലാം അട്ടിമറിച്ച് യു.ഡി.എഫ്. സര്‍ക്കാര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി പത്തേക്കര്‍ വരെ നെല്‍വയല്‍ നികത്തുന്നതിന് അനുമതി നല്‍കാന്‍ നിയഭേദഗതിക്കും ശ്രമിച്ചിരുന്നു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും റവന്യു മന്ത്രി അടൂര്‍ പ്രകാശും പ്രത്യേക താല്‍പര്യമെടുത്താണ് ഭൂമാഫിയക്കു വേണ്ടി ഈ ബില്‍ കൊണ്ടുവന്നതെങ്കിലും തല്‍കാലം നടപ്പിലാക്കേണ്ടെന്ന് ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. തല്‍ക്കാലം ഫയല്‍ പിന്‍വലിക്കാനാണ് തീരുമാനിച്ചത്. തീരുമാനം യുഡിഎഫിന് വിടുകയാണെന്നും റവന്യുമന്ത്രി അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിലെ ഭേദഗതി ഇനി നടപ്പാക്കുകയുളളുവെന്നാണ് പറയുന്നതെങ്കിലും തദ്ദേശതിരഞ്ഞെടുപ്പിനു ശേഷം ഇത് നടപ്പിലാക്കുമെന്നാണ് കരതുന്നത്.
നേരത്തെ ഭേദഗതിക്ക് എതിരെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ രംഗത്ത് എത്തിയിരുന്നു. പാര്‍ട്ടി തലത്തില്‍ കൂടുതല്‍ ഗൗരവമായ  ചര്‍ച്ചകള്‍ നടത്താതെ ഭേദഗതി സാധിക്കില്ലെന്നായിരുന്നു സുധീരന്റെ നിലപാട്. അതേസമയം യുഡിഎഫ് ഉപസമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നായിരുന്നു നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയത്.
Next Story

RELATED STORIES

Share it