Flash News

തിരഞ്ഞെടുപ്പില്‍ 85 രാഷ് ട്രീയപ്പാര്‍ട്ടികള്‍ മല്‍സരരംഗത്ത്; ചെറു പാര്‍ട്ടികള്‍ വിനയാകുമെന്ന് മുന്നണികളുടെ വിലയിരുത്തല്‍

തൃശൂര്‍: 14ാം നിയമസഭാ തിരഞ്ഞെടുപ്പില്‍ 85 രാഷ്ട്രീയപ്പാര്‍ട്ടികള്‍ മല്‍സരിക്കുന്നുണ്ടെന്നാണു തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപോര്‍ട്ട്. എല്‍ഡിഎഫ്-യുഡിഎഫ്-ബിജെപി മുന്നണികള്‍ക്കു പുറമെ മല്‍സരിക്കുന്ന ചെറുകക്ഷികളുടെ സാന്നിധ്യം ഇരുമുന്നണികളുടെയും ഉറക്കംകെടുത്തുന്നു. 25 സീറ്റുകളിലെങ്കിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ നവസാമൂഹിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ആംആദ്മി പാര്‍ട്ടിയും ഡിഎച്ച്ആര്‍എമ്മും ഇത്തവണ മല്‍സര രംഗത്തില്ല. എസ്ഡിപിഐ, സമാജ്‌വാദി, വെല്‍ഫെയര്‍, ആര്‍എംപി, പിഡിപി, ബിഎസ്പി എന്നീ കക്ഷികളുടെ സാന്നിധ്യം വിനയാവുമോയെന്നു പല സ്ഥാനാര്‍ഥികളും ഭയപ്പെടുന്നു. എസ്ഡിപിഐക്ക് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടരലക്ഷത്തോളം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി ഒന്നേകാല്‍ ലക്ഷം വോട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. പിഡിപി ദുര്‍ബലമായിട്ടുണ്ടെങ്കിലും തെക്കന്‍ കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഇപ്പോഴും ഗണ്യമായ വോട്ടുകളുണ്ട്. ബിഎസ്പി ഇത്തവണ സ്വന്തമായി 124 സീറ്റുകളില്‍ മല്‍സരിക്കുന്നുണ്ട്. ചെറു കക്ഷികളുമായി പ്രാദേശികതലത്തില്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിച്ച് സ്വതന്ത്രരായി മല്‍സരിക്കുന്ന എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഇരുമുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം അഞ്ച് ലക്ഷമാണ്. ഇത്രയും വോട്ടുകള്‍ ചെറു പാര്‍ട്ടികള്‍ നേടുമെന്നാണ് അനുമാനം. അത് മുന്നണികളുടെ ബലാബലത്തില്‍ വലിയ മാറ്റമുണ്ടാക്കും. പുതിയ കക്ഷികളുടെ രംഗപ്രവേശനം മുഖ്യധാരാ പാര്‍ട്ടികളുടെ ചങ്കിടിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്. ശക്തി തെളിയിക്കാന്‍ മല്‍സരിക്കുന്ന നവസാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വോട്ടുകള്‍ ലഭിക്കില്ലെന്നു പ്രധാന പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രചാരണരംഗത്ത് ഇവരുടെ സജീവ സാന്നിധ്യവും മറ്റുള്ളവര്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ്.
Next Story

RELATED STORIES

Share it