തിരഞ്ഞെടുപ്പില്‍ വിഎസ് തന്നെ സിപിഎമ്മിനെ നയിക്കുമെന്ന സൂചന നല്‍കി യെച്ചൂരി; വിരമിക്കല്‍ പ്രായമില്ല

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നേതാക്കള്‍ക്ക് വിരമിക്കാന്‍ പ്രായപരിധി വച്ചിട്ടില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങളുമായി അടുത്ത ബന്ധമുള്ള കാലത്തോളം നേതാക്കള്‍ സ്ഥാനങ്ങളില്‍ തുടരുമെന്നും യെച്ചൂരി വ്യക്തമാക്കി. കേരളത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദന്‍ തന്നെ സിപിഎമ്മിനെ നയിക്കുമെന്ന സൂചനയാണ് യെച്ചൂരി കഴിഞ്ഞ ദിവസം നല്‍കിയത്. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പാര്‍ട്ടിയെ ആരു നയിക്കുമെന്ന ചോദ്യത്തിന് വ്യക്തമായ ഒരുത്തരം യെച്ചൂരി നല്‍കിയില്ല. കേന്ദ്ര കമ്മിറ്റി യോഗതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് യെച്ചൂരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പു പ്രചാരണം പാര്‍ട്ടി തന്നെ നയിക്കും എന്നൊരു മറുപടി നല്‍കിയ യെച്ചൂരി, വിഎസ് ഇപ്പോഴും ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹത്തില്‍ നിന്നു താന്‍ ഉള്‍പ്പെടെയുള്ള തലമുറയിലെ നേതാക്കള്‍ക്ക് ഏറെ പഠിക്കാനുണ്ടെന്നും വ്യക്തമാക്കി. വിഎസിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിതാല്‍പര്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടുള്ളതാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ പ്രവര്‍ത്തിക്കുന്നതിനോ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. വി എസിനും ഇതു ബാധകമാണ്. വിഎസിനെ പാര്‍ട്ടിയില്‍ നിന്ന് വേര്‍പെടുത്തി കാണേണ്ട കാര്യമില്ല. പാര്‍ട്ടിതാല്‍പര്യപ്രകാരമാണ് വിഎസ് പ്രചാരണം നടത്തിയത്. 92ാം വയസ്സിലും വിഎസ് കാണിക്കുന്ന ഊര്‍ജസ്വലത പുതുതലമുറ മാതൃകയാക്കണം. 92 വയസ്സായ  വിഎസ് ഇപ്പോഴും പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. എല്ലാവരും ഇത് മാതൃകയാക്കിയാല്‍ പാര്‍ട്ടി ശക്തിപ്പെടും. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിനുണ്ടായ വിജയം വിഎസിന്റെ നേതൃത്വം കൊണ്ടു മാത്രമല്ല, കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഉണ്ടായിട്ടുള്ളതാണ്. ഈ ഐക്യം തുടര്‍ന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അനായാസം അധികാരത്തില്‍ എത്താന്‍ സാധിക്കുമെന്നും യെച്ചൂരി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുന്നതിനിടെയാണ് വിഎസിനെ പരോക്ഷമായി പിന്തുണച്ചുകൊണ്ട് യെച്ചൂരി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍, ഒരിക്കല്‍ കൂടി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന കാര്യത്തിലുള്ള തന്റെ നിലപാട് വിഎസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടില്ല. സംസ്ഥാന ഘടകത്തിലെ ഐക്യത്തിന് പോറലേല്‍ക്കാതിരിക്കാന്‍ വിഎസിനെതിരേ സംസ്ഥാന ഘടകം നല്‍കിയ പരാതിയും സംസ്ഥാന ഘടകത്തിനെതിരേ വിഎസ് ഉന്നയിച്ച ആക്ഷേപങ്ങളും പരിഗണിക്കാന്‍ നിയോഗിച്ച പോളിറ്റ്ബ്യൂറോ കമ്മീഷന്റെ പ്രവര്‍ത്തനം അനിശ്ചിതകാലത്തേക്കു നീട്ടിവയ്ക്കാന്‍ യെച്ചൂരി നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it